മോഡല്‍ പരീക്ഷ തടസപ്പെടുത്തി; കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ യൂണിയന്‍ ചെയര്‍മാന്‍ അടക്കം എട്ട് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍


കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി കോളേജില്‍ മോഡല്‍ പരീക്ഷ തടസപ്പെടുത്തിയെന്നും അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അടക്കമുള്ള എട്ട് വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു.

യൂണിയന്‍ ചെയര്‍മാന്‍ സിദ്ധാര്‍ഥ് ദേവന്‍, യു.യു.സിമാരായ അമയ പ്രകാശന്‍, കാര്‍ത്തിക്.കെ.എം, സെക്രട്ടറി നൃദുല്‍.പി, എഡിറ്റര്‍ ഹരികൃഷ്ണ, സിദ്ധാര്‍ഥ്.കെ.എസ്, അഭിരാമി.ആര്‍, അര്‍ജുന്‍ കൃഷ്ണ എന്നീ വിദ്യാര്‍ത്ഥികളെയാണ് കോളേജ് കൗണ്‍സില്‍ തീരുമാന പ്രകാരം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷയുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന മോഡല്‍ പരീക്ഷ തടസ്സപ്പെടുത്തിയതിനും പരീക്ഷാഹാളില്‍ അതിക്രമിച്ചു കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും അവരില്‍നിന്നും ചോദ്യ പേപ്പറുകളും പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ചോദ്യ പേപ്പറുകളും ഉത്തരക്കടലാസുകളും ബലമായി പിടിച്ചു പറിച്ചു കീറി എറിയുകയും പരീക്ഷാ ഹാളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് നടപടി.

സര്‍വ്വകലാശാല നിയമപ്രകാരം നല്‍കേണ്ട ഇന്റേണല്‍ മാര്‍ക്ക് മോഡല്‍ പരീക്ഷകള്‍ നടത്താതെ നല്‍കണമെന്നും പരീക്ഷ മാറ്റി വക്കണമെന്നുമെന്നും ഒരു ക്ലാസിലെ ചില വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പരീക്ഷ തുടങ്ങുന്നതിന് ഏതാനും മിനിട്ടുകള്‍ക്ക് മുമ്പാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്.

എന്നാല്‍ വളരെ നേരത്തെ തീരുമാനിച്ച പരീക്ഷകള്‍ യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മുമ്പേ സമയബന്ധിമായി തീര്‍ക്കേണ്ടതുണ്ടെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ നിലപാട്. പരീക്ഷ മാറ്റിവെച്ച് നടത്താന്‍ ഇനി ദിവസങ്ങള്‍ ഇല്ല. അതിനാല്‍ പരീക്ഷകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍വ്വാഹമില്ലായെന്നും പ്രിന്‍സിപ്പല്‍ അറിയിക്കുകയായിരുന്നു.

മറുപടിയില്‍ തൃപ്തരായി വിദ്യാര്‍ത്ഥികള്‍ പുറത്തുപോയതിനു ശേഷമായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. സര്‍വ്വകലാശാല നിയമപ്രകാരം മതിയായ ഹാജര്‍ ഇല്ലാത്തതിന്റെ പേരില്‍ നവംബര്‍ മാസം കോളേജില്‍ നിന്നും പുറത്തായ അഭിനവ്.ബി.ആറിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളുകളിലേക്ക് കടന്നുവന്ന് യാതൊരു പ്രകോപനവുമില്ലാതെ അതിക്രമം കാണിക്കുകയായിരുന്നെന്നും പ്രിന്‍സിപ്പല്‍ ആരോപിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അഭിനവ്.ബി.ആറിന് എതിരെ പ്രിന്‍സിപ്പല്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോളേജില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കുബോള്‍ പ്രിന്‍സിപ്പലിന്റെ അനുവാദമില്ലാതെയും കോളേജ് കൗണ്‍സിലിന്റെ തീരുമാനത്തെ എതിര്‍ത്തുകൊണ്ടും ഓഡിറ്റോറിയത്തില്‍ എസ്.എഫ്.ഐയുടെ ഒരു പരിപാടി നടത്തുവാന്‍ അഭിനവിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. ഇത് നടത്തുവാന്‍ കഴിയാത്തതിനാല്‍ അദ്ധ്യാപകര്‍ക്ക് എതിരെ സഭ്യേതരമായ ഭാഷയില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി ഏതാനും വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ്സില്‍ പ്രകടനം നടത്തിയിരുന്നു. ഇതിന് എതിരായി അദ്ധ്യാപകര്‍ ഒന്നടങ്കം രേഖാമൂലം പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും വിദ്യാര്‍ത്ഥികളുടെ നടപടിയെ അപലപിക്കുകയും ചെയ്തിട്ടുണ്ട്.

കോളേജില്‍ നിന്നും പുറത്തായിട്ടും അനധികൃതമായി ക്യാമ്പസ്സില്‍ കടന്നു കയറി മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അഭിനവിന്റെ പ്രവര്‍ത്തനങ്ങള്‍ കോളേജിന്റെ അക്കാദമിക അന്തരീക്ഷത്തെ തകിടം മറിക്കുമെന്നു കോളേജ് കൗണ്‍സില്‍ യോഗം ആശങ്ക പ്രകടിപ്പിക്കുകയും ഇത്തരം നടപടികളെ യോഗം ശക്തമായി അപലപിക്കുകയും ചെയ്തു.