കൊല്ലം എസ്.എന്‍.ഡി.പി കോളേജിലെ സംഘര്‍ഷം: രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരടക്കം അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍കൊയിലാണ്ടി: കൊല്ലം ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്.എഫ്.ഐ യൂണിയന്‍ ചെയര്‍മാന്‍ അഭയ്, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അനുദേവ്, കോളേജില്‍ ആര്‍ട്‌സ് നടക്കുന്ന ദിവസം അനുദേവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഷെഫാക്ക്, ആദിത്യന്‍, ആദര്‍ശ് എന്നീ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളെയുമാണ് സസ്‌പെന്റ് ചെയ്തത്.

ഒരുസംഘം എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തന്നെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചെ ബി.എസ്.സി. കെമിസ്ട്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥി സി.ആര്‍ അമലിന്റെ പരാതിയിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്തത്. രണ്ടാഴ്ച മുന്‍പ് കോളേജില്‍ വച്ച് നടന്ന റാഗിംങുമായി ബന്ധപ്പെട്ട് നടന്ന അടിയുടെ സൂത്രധാരന്‍ അമല്‍ ആണെന്ന് ആരോപിച്ച് കോളേജ് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി തലയ്ക്കും മൂക്കിനും മുഖത്തും കൈമുഷ്ടി ചുരുട്ടി തുടരെ തുടരെ ആഞ്ഞ് കുത്തുകയായിരുന്നു എന്നാണ് പരാതി.

വെള്ളിഴാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം കോളേജ് ചെയര്‍മാന്‍ ചിലകാര്യങ്ങള്‍ സംസാരിച്ചു തീര്‍ക്കാനുള്ളതിനാല്‍ പുറത്തേക്കുവരണമെന്ന് ആവശ്യപ്പെടുകയും അവരോടൊപ്പം മൂന്ന് കൂട്ടുകാരുമായി പോയ അമലിനെ കൂടെ വന്ന കൂട്ടുകാരെ തിരിച്ചയയ്ക്കുകയും കോളേജിന് സമീപത്തുള്ള അടച്ചിട്ട വീട്ടുമുറ്റത്തേക്കാണ് കൂട്ടിക്കൊണ്ട് പോയതെന്നും ഇവിടെ വച്ചാണ് മര്‍ദിച്ചതെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്.

എന്നാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അനുദേവിനെ റാഗ് ചെയ്ത സംഭവത്തില്‍ പ്രതിയാണ് അമല്‍ എന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. ആര്‍ട്‌സ് നടന്ന ദിവസം 13പേര്‍ ചേര്‍ന്ന് അനുദേവിനെ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടുത്തെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു. ഇതേത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് വെള്ളിയാഴ്ച നടന്നതെന്നും അനുദേവിനെ പ്രകോപിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയും ദേഹത്തുപിടിച്ച് ഉന്തുകയും ചെയ്തപ്പോള്‍ ഉണ്ടായ തള്ളലിലാണ് അമലിന് പരിക്കുണ്ടായതെന്നാണ് എസ്.എഫ്.ഐയുടെ വാദം.