‘ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷൻ കുടിശ്ശികയും ഉടൻ വിതരണം ചെയ്യുക’; കൊയിലാണ്ടിയിൽ നിർമ്മാണ തൊഴിലാളി യൂണിയന്റെ മേഖലാ ജാഥകൾ


കൊയിലാണ്ടി: കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കൊയിലാണ്ടിയിൽ മേഖലാ ജാഥകൾ നടത്തി. സെപ്റ്റംബർ 13 ന് നടക്കുന്ന കളക്ടറേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥമാണ് ജില്ലയിൽ നടക്കുന്ന രണ്ട് മേഖലാ ജാഥകൾ കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്തത്.

സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി.കെ.മുകുന്ദൻ ജാഥകൾ ഉദ്ഘാടനം ചെയ്തു. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷൻ കുടിശ്ശികയും ഉടൻ വിതരണം ചെയ്യുക, നിർമ്മാണ തൊഴിലാളി സെസ്സ് കുടിശ്ശിക പൂർണമായും പിരിച്ചെടുക്കുക, നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ് പിരിവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് മേഖലാ ജാഥകൾ നടക്കുന്നത്.

യൂണിയൻ ജില്ലാ പ്രസിഡൻ്റ് എം.ഗിരീഷാണ് തെക്കൻ മേഖലാ ജാഥാ ലീഡർ. വടക്കൻ മേഖലാ ജാഥയെ പി.സി.സുരേഷ് ആണ് നയിക്കുക. ഇരുവരും പി.കെ.മുകുന്ദനിൽ നിന്ന് പതാക ഏറ്റു വാങ്ങി. പരിപാടിയിൽ സി.അശ്വനിദേവ് അധ്യക്ഷത വഹിച്ചു. കെ.ദാസൻ, രവി പറശ്ശേരി, എ.കെ.നാരായണി, എം.വി.സദാനന്ദൻ, എൻ.കെ.ഭാസ്കരൻ, എം.പത്മനാഭൻ, എം.പി.സത്യൻ എന്നിവർ സംസാരിച്ചു.