കൊല്ലം ചിറയ്ക്ക് സമീപത്തെ കുട്ടികളുടെ പാര്‍ക്ക് സ്മാര്‍ട്ടാവണം, സൗകര്യങ്ങള്‍ വേണം; നമ്മുടെ കുഞ്ഞുങ്ങള്‍ ആഘോഷിക്കട്ടെ
കൊല്ലം: കൊയിലാണ്ടി നഗരസഭയുടെ കീഴില്‍ കൊല്ലം ചിറയ്ക്ക് സമീപത്തുള്ള കുട്ടികളുടെ പാര്‍ക്ക് നവീകരണത്തിന് കാത്തിരിക്കുന്നു. ദിവസവും നിരവധി പേരാണ് പാര്‍ക്കില്‍ സമയം ചിലവഴിക്കാന്‍ കുട്ടികളുമായി എത്തുന്നത്. കോവിഡിനുശേഷം ഇവിടെ എത്തുന്ന ആളുകളുടെ എണ്ണവും കൂടിയിട്ടുണ്ട്.
2015 സെപ്തംബര്‍ 3 നായിരുന്നു കൊല്ലം ചിറയ്ക്ക് സമീപത്ത് കൊയിലാണ്ടി നഗരസഭ തയ്യാറാക്കിയ മനോഹരമായ കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടത്. മനോഹരമായ പുല്‍ത്തകിടിയും ഇരിപ്പിടങ്ങളും കുട്ടികള്‍ക്കായുള്ള വിവിധ തരം റൈഡുകളും പൂന്തോട്ടവും ദിനോസറിന്റെയും ആനയുടെയും വലിയ ശില്പങ്ങളും കഫ്ടീരിയയും ഉള്‍പ്പടെ വളരെ ആകര്‍ഷകമായ നിലയിലാണ് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നത്. കൊയിലാണ്ടി നഗരസഭയിലെ തന്നെ ഏക പാര്‍ക്ക് ആയതിനാല്‍ നിരവധിപേര്‍ ദിവസവും ഇവിടെ എത്താറുണ്ട്.
ദേശീയ പാതയോരത്തായതിനാല്‍ ഏവര്‍ക്കും ഇവിടെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും എന്ന പ്രത്യേകത കൂടിയുണ്ട്. കൊല്ലം ചിറയോരത്ത് സമയം ചിലവഴിക്കാന്‍ എത്തുന്നവരും പാറപ്പള്ളി, പിഷാരികാവ് എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ എത്തുന്നവരും സമയം ചിലവിടാന്‍ കുട്ടികളുടെ പാര്‍ക്കില്‍ എത്താറുണ്ട്.
കുട്ടികളുടെ പാര്‍ക്കിനടുത്തായി സമീപകാലത്ത് നിരവധി ഭക്ഷണശാലകളാണ് ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇവിടെ അടുത്തായുള്ള ഇളനീര്‍ ജ്യൂസും പ്രസിദ്ധമാണ്. അവധി ദിവസങ്ങളിലും മറ്റും കുടുംബ സമേതം കുട്ടികളുടെ പാര്‍ക്കിലെത്തി സമയം ചിലവഴിച്ച് ഭക്ഷണവും കഴിച്ച് മടങ്ങുന്നവര്‍ നിരവധിയാണ്.
ഉദ്ഘാടനത്തിനിപ്പുറം പത്തുവര്‍ഷത്തോടടുക്കുമ്പോള്‍ കാര്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നിട്ടില്ല. ഒരു ഓപ്പണ്‍ സ്റ്റേജും, പാര്‍ക്കിലെത്തുന്ന അമ്മമാര്‍ക്കായുള്ള മുലയൂട്ടല്‍ കേന്ദ്രവും, പാര്‍ക്കിനകത്തുണ്ടായിരുന്ന കഫ്റ്റീരിയ പുറത്തേക്ക് ആക്കിയതുമാണ് പ്രധാന മാറ്റങ്ങള്‍.
നിരവധിപേര്‍ ദിവസേന എത്തുന്ന കുട്ടികളുടെ പാര്‍ക്കില്‍ കാലോചിതമായ നവീകരണ പ്രവൃത്തികള്‍ നടത്തെണമെന്നാണ് പാര്‍ക്കില്‍ എത്തുന്നവര്‍ ആവശ്യപ്പെടുന്നത്. പുല്‍ത്തകിടികള്‍ ആവശ്യമായ പരിചരണമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളുടെ റൈഡുകളില്‍ പലതിനും അറ്റകുറ്റപണികള്‍ നടത്തേണ്ടതുണ്ട്. പുതുതായി നിര്‍മ്മിച്ച ഓപ്പണ്‍ സ്റ്റേജില്‍ നിര്‍മ്മാണ അപാകത മൂലം മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇവിടെ അമ്പതോളം ഇരിപ്പിടങ്ങള്‍ അനുവദിച്ചാര്‍ കുട്ടികളുടെ ജന്‍മദിനാഘോഷങ്ങള്‍ ഉള്‍പ്പടെ ഇവിടെ നടത്താന്‍ കഴിയും.
പാര്‍ക്കിനുള്ളില്‍ ഉണ്ടായിരുന്ന കഫ്റ്റീരിയ പുറത്തേക്ക് മാറ്റിയതോടെ കഫ്റ്റീരിയ പ്രവര്‍ത്തിച്ച കെട്ടിടം ഒഴിഞ്ഞു കിടക്കുകയാണ്. അവിടെ അക്വേറിയം പോലെയുള്ള എന്തെങ്കിലും സജീകരിച്ചാല്‍ കുട്ടികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായിരിക്കും. പാര്‍ക്കിനകത്തെ ചെറിയ കുളം ഉപയോഗിക്കാതെ വെള്ളം പോലുമില്ലാതെ വെറുതെ കിടക്കുകയാണ്. ഇതില്‍ വെള്ളം നിറച്ച് കളര്‍ മത്സ്യങ്ങളെ വളര്‍ത്തിയാല്‍ പാര്‍ക്കിലെത്തുന്നവര്‍ക്ക് കുളിര്‍മയുള്ള കാഴ്ചയായിരിക്കും.
പാര്‍ക്കിലെത്തുന്നവര്‍ക്കുള്ള മറ്റൊരു പ്രശ്‌നം വാഹന പാര്‍ക്കിംഗ് ആണ്. ദേശീയ പാതയോരത്താണ് വാഹന പാര്‍ക്കിംഗ് ഉള്ളത്. കുട്ടികളുടെ പാര്‍ക്കിന്റെയും ദേശീയ പാതയുടെയും ഇടയിലുള്ള ഭാഗത്ത് ഇന്റര്‍ലോക്ക് ചെയ്താല്‍ വാഹന പാര്‍ക്കിംഗിന് കൂടുതല്‍ സൗകര്യം ഒരുക്കാവുന്നതാണ്.