മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ശരിയായ ഉപയോഗമുറപ്പാക്കാന്‍ കുട്ടികളും; മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മേപ്പയ്യൂരില്‍ കുട്ടികളുടെ ഹരിതസഭ


മേപ്പയ്യൂര്‍: ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് ആരംഭിച്ച മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കുട്ടികളുടെ ഹരിതസഭ നടന്നു. ടി.കെ.കണ്‍വന്‍ഷന്‍ ഹാളില്‍ വെച്ച് നടന്ന ഹരിത സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ അവതരണം നടന്നു. ജൈവ-അജൈവ, ഖര- ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിനും ശുചിത്വ ബോധം സമൂഹത്തിലേക്ക് പകര്‍ന്നു നല്‍കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പങ്കുണ്ടെന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികളും അവതരണത്തില്‍ പറയുകയുണ്ടായി.

ഗ്രാമ പഞ്ചായത്തുതല മാലിന്യമുക്ത പ്രവര്‍ത്തനങ്ങളുടെ അവതരണം അസി. സെക്രട്ടറി വി.വി.പ്രവീണ്‍ നടത്തി. ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിലെ ഗ്രീന്‍ കേഡറ്റ് കോര്‍പ്‌സിന്റെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപകന്‍ സതീഷ് നരക്കോട് വിശദീകരിച്ചു. ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിലെ ശ്രീനന്ദന, വൈഗ, ദമയ, സൂര്യഗായത്രി, അക്ഷൈത, പാര്‍വണ സി, അഭിനന്ദ് ജി തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ പാനല്‍ പ്രതിനിധികളായി പങ്കെടുത്തു. മുഴുവന്‍ വാര്‍ഡ് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍, ശുചിത്വ മിഷന്‍ ആര്‍.പി.അഷിത തുടങ്ങിയവര്‍ പങ്കെടുത്തു.

മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍.കെ.പി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ആര്‍ പി നിരഞ്ജന.എം.പി നന്ദി പറഞ്ഞു.