പാളം കാണാനാവാത്ത വിധം പൊന്തക്കാട്; പൊയിൽകാവ് സ്കൂൾ റോഡിൽ റെയിൽ മുറിച്ചു കടക്കുന്നവർക്ക് ഭീഷണിയായി വളർന്ന കാടു വെട്ടിമുറിച്ച് കുട്ടികൾ


പൊയിൽക്കാവ്: ജീവന് പോലും ആപത്തായി കാടു വളർന്നതോടെ രക്ഷക്കായി, രക്ഷകരായി കുട്ടികൾ ഇറങ്ങി. കാടു വൃത്തിയാക്കി പാളം കണ്ടെത്താൻ. പൊയിൽകാവ് സ്കൂൾ റോഡിൽ റെയിൽ മുറിച്ചു കടക്കുന്നവർക്ക് ഭീഷണിയായി നിന്നിരുന്ന പൊന്തക്കാടുകളാണ് സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ വെട്ടി വൃത്തിയാക്കിയത്.

തീവണ്ടി കടന്നുപോകാൻ ഗെയ്റ്റ് അടയ്ക്കുമ്പോൾ പാളം മുറിച്ചു കടക്കുന്ന വഴിയാത്രക്കാർക്ക് കാണാനാവാത്ത രീതിയിൽ കാട് വളർന്നിരുന്നു. സമീപകാലത്തായി ഇവിടം ഒരു സ്ഥിര അപകടമേഖലയായും മാറിയിരുന്നു. സ്കൂളിലേക്ക് വരുന്ന മുഴുവൻ വിദ്യാർത്ഥികളും ആശ്രയിക്കുന്ന വഴി തന്നെ ഭീഷണിയായതോടെയാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങൾ വൃത്തിയാക്കാൻ ഇറങ്ങുന്നത്.

പരിപാടിക്ക് സ്കൗട്ട് മാസ്റ്റർ സരിത്ത് കെ, ഗൈഡ് ക്യാപ്റ്റൻ ബീന കെ, അദ്ധ്യാപകരായ രോഷ്ന വി.എം, ലജിന വി.എൽ, പ്രവീണ ടി.സി തുടങ്ങിയവർ നേതൃത്വം നൽകി.