നികുതി പിരിവ് 100 ശതമാനം, വികസന ഫണ്ട് വിനിയോഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം; ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ആദരവുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഭരണസമിതി
കൊയിലാണ്ടി: നികുതി പിരിവിലും ഫണ്ട് വിനിയോഗത്തിലും മികച്ച നേട്ടം കൈവരിക്കാൻ സഹായിച്ച ജീവനക്കാരെയും നിർവ്വഹണ ഉദ്യോഗസ്ഥരെയും ആദരിച്ച് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഭരണസമിതി. വികസന ഫണ്ട് വിനിയോഗത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനതലത്തിൽ എട്ടാം സ്ഥാനത്തുമുള്ള ചെങ്ങോട്ടുകാവ് പഞ്ചായത്ത് നികുതി പിരിവിൽ നൂറ് ശതമാനമെന്ന ലക്ഷ്യവും കൈവരിച്ചിരുന്നു. 2022-2023 വർഷം വികസന ഫണ്ടിൽ 3.84 കോടി രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തിയത്.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.ടി.പ്രസാദ് ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അതിദരിദ്രർക്കുള്ള തിരിച്ചറിയൽ കാർഡിൻ്റെ വിതരണവും ചടങ്ങിൽ വെച്ച് നടത്തി. ചടങ്ങിൽ ഡോ. ഷബ്നയ്ക്കുള്ള യാത്രയയപ്പും നൽകി.
പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.വേണു, സ്ഥിരം സമിതി ചെയർമാൻമാരായ ബേബി സുന്ദർരാജ്, ഗീത കരോൽ, ബ്ലോക്ക് മെമ്പർ ഇ.കെ.ജുബീഷ്, സുധ കാവുങ്കൽപൊയിൽ, കെ.ഗീതാനന്ദൻ, ടി.വി.ഗിരിജ, അസിസ്റ്റന്റ് സെക്രട്ടറി ബാബു ആരോത്ത്, ഡോ. ഷബ്ന, ഡോ. നസീഫ്, സുജാത എം.കെ, ഷൈലജ പി.എം എന്നിവർ സംസാരിച്ചു.