വയോധികര്‍ക്കും, മാറാരോഗികള്‍ക്കും കൈത്താങ്ങായ വ്യക്തിത്വം; കെ.ടി.മജീദ് നാലുപതിറ്റാണ്ടിലേറെക്കാലം ചെങ്ങോട്ടുകാവിന്റെ രാഷ്ട്രീയ സാമൂഹ്യരംഗത്ത് നിറ സാന്നിധ്യമായിരുന്നയാള്‍


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തംഗം കെ.ടി.മജീദിന്റെ വിയോഗത്തോടെ നാലുപതിറ്റാണ്ടിലേറെ കാലം രാഷ്ട്രീയ സാമൂഹിക മത രംഗങ്ങളില്‍ സജീവമായി ഇടപെട്ട വ്യക്തിത്വത്തെയാണ് നാടിന് നഷ്ടമായിരിക്കുന്നത്. തന്റെ ഇരുപതാം വയസില്‍ സഹോദരനും ഇപ്പോള്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ.ടി.എം കോയയുടെ ചുവടുപിടിച്ചാണ് മജീദ് രാഷ്ട്രീയ രംഗത്തേക്ക് കാലെടുത്തുവെച്ചത്.

1978ലെ കോണ്‍ഗ്രസ് പിളര്‍പ്പിനുശേഷം കോണ്‍ഗ്രസ് എസിലൂടെയാണ് മജീദ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. ചെങ്ങോട്ടുകാവ് മണ്ഡലം കോണ്‍ഗ്രസ് എസ്. പ്രസിഡന്റ്, എന്‍.സി.പി മണ്ഡലം പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഏതാണ്ട് എട്ടുവര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് ഐ.യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. കോണ്‍ഗ്രസ് ചെങ്ങോട്ടുകാവ് മണ്ഡലം തല ഭാരവാഹിയാണ്.

രാഷ്ട്രീയ രംഗത്തുമാത്രമല്ല, മതരംഗത്തും സജീവമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. ചേലിയ മഹല്‍ ജുമാമസ്ജിദ് കമ്മിറ്റി, ചേലിയ നുസ്രത്തുല്‍ ഇസ് ലാം മദ്രസ കമ്മിറ്റി എന്നിവയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാട്ടിലെ സാമൂഹിക രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

60 കഴിഞ്ഞവര്‍, വിധവ, മാറാരോഗികള്‍ എന്നിവര്‍ക്ക് അര്‍ഹതപ്പെട്ട പെന്‍ഷന്‍ ഉറപ്പാക്കാന്‍ വേണ്ടത് ചെയ്യുകയെന്നത് അദ്ദേഹത്തിന്റെ നിശബ്ദ പ്രവര്‍ത്തനമായിരുന്നു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് അംഗമായിരിക്കെ പ്രാദേശികമായ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

അസുഖബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മൃതദേഹം ചേലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല, മന്ത്രി എ.കെ ശശീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ. സത്യന്‍, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ.എം.കെ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.