മുത്താമ്പി കൊലപാതകം; ലേഖയുടെ മൃതദേഹം സംസ്‌കരിച്ചു, മരണം ശ്വാസം മുട്ടിയെന്ന് പ്രാഥമിക റിപ്പോർട്ട്


മുത്താമ്പി: ആഴാവില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ പുത്തലത്ത് ലേഖയുടെ മൃതദേഹം സംസ്‌കരിച്ചു. പോസ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു പോസ്റ്റ് മോര്‍ട്ടം. ശ്വാസം മുട്ടിയാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

അതേസമയം, ഭര്‍ത്താവ് രവീന്ദ്രനെ പോലീസ് നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം.

കൊലപാതക വിവരം രവീന്ദ്രന്‍ തന്നെയാണ് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെ സ്റ്റേഷനിലെത്തിയ പ്രതി താന്‍ ഭാര്യയെ വീട്ടില്‍ കൊന്നിട്ടിട്ടുണ്ടെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസ് വീട്ടിലെത്തിയപ്പോള്‍ യുവതി നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.