ഒരു വര്‍ഷം നീണ്ടു നിന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍, എല്ലാത്തിനും കൂടെ നിന്ന പ്രദേശവാസികള്‍; ചെങ്ങോട്ടുകാവ് ഇനി മാലിന്യമുക്ത ഗ്രാമപഞ്ചായത്ത്
കൊയിലാണ്ടി: ഒരു വര്‍ഷത്തെ നിരന്തമായ ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ മാലിന്യമുക്ത പഞ്ചായത്തായി മാറി ചെങ്ങോട്ടുകാവ്. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി 2023 മാര്‍ച്ച് മാസത്തിലാണ് പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിലിന്റെ നേതൃത്വത്തില്‍ മൂന്ന് ഘട്ടങ്ങളിലായി ജനകീയ പങ്കാളിത്തത്തോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍. ആദ്യ ഘട്ടത്തില്‍ അജൈവ മാലിന്യ ശേഖരത്തിനായി പതിനേഴു വാര്‍ഡുകളിലായി മിനി എംസിഎഫ് സ്ഥാപിക്കാനായിരുന്നു തീരുമാനിച്ചത്.
തുടക്കത്തില്‍ ഒമ്പതാം വാര്‍ഡിലായിരുന്നു എംസിഎഫ് സ്ഥാപിച്ചത്. തുടര്‍ന്ന് ഇതേ വാര്‍ഡില്‍ തന്നെ നൂറിലധികം കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് ഒരു ശുചിത്വ സേനയുണ്ടാക്കുകയും ചെയ്തു. ശേഷം ഇടവിട്ട ദിവസങ്ങളില്‍ കുട്ടികള്‍ വാര്‍ഡിലെ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുകയും ചെയ്തു.
കൂടാതെ ചെങ്ങോട്ടുകാവ് പാലത്തിന്റെ ചുവട്ടില്‍ ചെറിയ വയോ പാര്‍ക്കും, ഒരു ഓപ്പണ്‍ സ്റ്റേജും ചെറിയൊരു ഗാര്‍ഡനും ഒരുക്കിയിരുന്നു. ജനങ്ങളില്‍ നിന്നും ഏതാണ്ട് ഒരു ലക്ഷം രൂപ സ്വരൂപിച്ചാണ് ബയോപാര്‍ക്കും മറ്റും സ്ഥാപിച്ചത്.
രണ്ടാം ഘട്ടത്തില്‍ വീടുകളില്‍ നിന്നും ജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാനായി റിംഗ് കമ്പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തു. ഒപ്പം മാസത്തിലൊരിക്കല്‍ ഒരോ വാര്‍ഡിലും പൂര്‍ണമായ ശുചീകരണവും നടത്തിയിരുന്നു.
കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
മൂന്നാം ഘട്ടത്തില്‍ പുഴ, കടല്‍ പരിസരങ്ങളില്‍ ശുചീകരണം നടത്തി. മുചുകുന്ന് കോളേജ്, കോഴിക്കോട് ക്രിസ്റ്റിയന്‍ കോളേജ് എന്നിവടങ്ങളില്‍ നിന്നുള്ള എന്‍എസ്എസ് യൂണിറ്റിന്റെ സഹോയത്തോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍.
കൂടാതെ ചേലിയ ഇലാഹിയ കോളേജ് വിദ്യാര്‍ത്ഥികള്‍ ഇടക്കുളം സബ് സെന്ററില്‍ ഒരു സ്‌നേഹാരാമം നിര്‍മ്മിക്കുകയും ചെയ്തു.
മൂന്നാം ഘടത്തില്‍ ചെങ്ങോട്ടുകാവ് ടൗണില്‍ മിനി എംസിഎഫ് സ്ഥാപിക്കുകയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ ചെടികള്‍ നട്ടുപ്പിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം ടൗണിലെ കടകളില്‍ ബിന്നുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
മാലിന്യമുക്ത പ്രഖ്യാപന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.പ്രദീപന്‍, സ്ഥിരം സമിതി അധ്യക്ഷരായ ബേബി സുന്ദര്‍രാജ്, ഗീത കാരോല്‍, ബിന്ദു മുതിരകണ്ടത്തില്‍, പഞ്ചായത്തംഗങ്ങളായ രമേശന്‍ കിഴക്കയില്‍, തെസ്ലീന നാസര്‍, ഹരിത ഓഡിറ്റ് കണ്‍വീനര്‍ കെ.ഗീതാന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.അശ്വതി എന്നിവര്‍ സംസാരിച്ചു.