ഒരേ താളത്തിൽ, ഒരേ വികാരത്തിൽ കുട്ടികൾ കൊട്ടിക്കയറി; പൊയിൽക്കാവ് ക്ഷേത്രത്തിൽ പാഞ്ചാരി മേളം അരങ്ങേറ്റം
കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രസന്നിധിയില്‍ പഞ്ചാരി കൊട്ടിക്കയറി. ചെണ്ടവാദ്വനത്തില്‍ അരങ്ങേറ്റം കുറിച്ച് കൊണ്ടാണ് വിദ്യാർത്ഥികൾ ഒറ്റതാളത്തിൽ ഒരേ വികാരത്തിൽ കൊട്ടിത്തകർത്തത്.
നവരാത്രി മഹോത്സവത്തോടനുബന്ധിച്ചാണ് അരങ്ങേറ്റം സംഘടിപ്പിച്ചത്. ഉജ്ജയനി വാദ്യകലാക്ഷേത്രത്തില്‍ കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ ശിക്ഷണത്തില്‍ ആണ് ഇവർ പരിശീലനം നേടിയത്. നൂറുകണക്കിന് ഭക്തജനങ്ങളും മേളാസ്വാദകരും ചടങ്ങിൽ സന്നിഹിതരായി.
കേരളത്തിന്റെ തനതുവാദ്യകലകളില്‍ ഏറ്റവും ജനകീയമാണ് ചെണ്ടമേളങ്ങള്‍. തെക്ക്, വടക്ക് വ്യത്യാസമില്ലാതെ ഇവ കേരളത്തിലങ്ങോളമിങ്ങോളം ആസ്വാദിക്കപ്പെടുന്നു. നിരവധി കലാകാരന്മാര്‍ മണിക്കൂറുകളായി താളം പിഴയ്ക്കാതെ, ചിട്ട തെറ്റാതെ നടത്തുന്ന ചെണ്ടമേളങ്ങള്‍ കേരളീയരുടെ ഉത്സവങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ഹരം പകരുന്നവയാണ്.