ആഘോഷം ഏതുമാവട്ടെ, ഓര്‍ഡര്‍ അനുസരിച്ച് ചാരായം സ്ഥലത്തെത്തും; നാടന്‍ ചാരായം വാറ്റുന്നതിനിടെ ചേളന്നൂരില്‍ ഒരാള്‍ പിടിയില്‍


കോഴിക്കോട്: നാടന്‍ ചാരായം വാറ്റുന്നതിനിടെ ചേളന്നൂരില്‍ ഒരാള്‍ എക്‌സൈസിന്റെ പിടിയില്‍. ചേളന്നൂര്‍ കണ്ണങ്കര ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുന്നതിനിടെ കണ്ണങ്കര പുനത്തില്‍ താഴത്ത് ത്രിലേഷ് കുമാര്‍ (42) പിടിയിലായത്.

കല്യാണം ഉള്‍പ്പെടെയുള്ള എല്ലാ ആഘോഷപരിപാടികള്‍ക്കും ഓര്‍ഡര്‍ അനുസരിച്ച് നാടന്‍ ചാരായം വാറ്റി നല്‍കുന്ന ആളാണ് പിടിയിലായ പ്രതിയെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സുരേഷ് കുമാര്‍ പറഞ്ഞു.

പത്ത് ലിറ്റര്‍ ചാരായവും വാറ്റാന്‍ പാകപ്പെടുത്തിയ 430 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ബാബുരാജ്, രഞ്ജിത്ത്, പ്രകാശന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ സുജല, എക്‌സൈസ് ഡ്രൈവര്‍ പ്രബീഷ് എന്നിവര്‍ പങ്കെടുത്തു.