ചേനായി തീവെപ്പ് കേസ്; ഒളിവിലായിരുന്ന പ്രതികളെ പിടികൂടി പേരാമ്പ്ര പോലീസ്
പേരാമ്പ്ര: ഒളിവില്‍ കഴിയുകയായിരുന്ന ചേനായി തീവെപ്പു കേസിലെ പ്രതികള്‍ പേരാമ്പ്ര പോലീസിന്റെ പിടിയിലായി. പ്രതികളായ എടവരാട് കാലംകോട്ട് രാഘവന്, എടവരാട് കൊയിലോത്ത് ഷിബിന്‍ ലാല്‍(കുട്ടന്) എന്നിവരെയാണ് പേരാമ്പ്ര പോലീസ് പിടികൂടിയത്.
പേരാമ്പ്രയില്‍ നിന്നും ചേനായിയിലേക്ക് ഓട്ടം പോകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനിടെ ട്രിപ്പ് ചോദ്യം ചെയ്ത എല്‍.പി.ജി.ഓട്ടോ കത്തിക്കുകയും മറ്റൊന്ന് കേടുപാടു വരുത്തുകയും ചെയ്തെന്നാണ് കേസ്. അന്വേഷണത്തിന്റെ വഴി തിരിക്കാന്‍ ചേനായിയിലെ മറ്റൊരു ഓട്ടോയും ബൈക്കും കത്തിക്കുകയും നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാർ ഐ.പി.എസ് തന്റെ പ്രത്യേക മേൽനോട്ടത്തിൽ പേരാമ്പ്ര ഡിവൈഎസ്പി കെ എം ബിജുവിന്റെ കീഴിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. അന്വേഷണ സംഘത്തിൽ പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ എം എ സന്തോഷ്, പ്രൊബേഷണറി സബ് ഇൻസ്പെക്ടർ ബിജു, .വി.സബ് ഇൻസ്പെക്ടർ പ്രദീപൻ പി , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റിയാസ്, അരുൺ ഘോഷ്, ഡാൻസാഫ് സ്ക്വാഡിലെ മുനീർ ഇ കെ, വിനീഷ് ടി, ഷാഫി N M, സിഞ്ചുദാസ്, ജയേഷ് എന്നിവരും ഉണ്ടായിരുന്നു
ഇവരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ശേഷം തൊട്ടടുത്ത ദിവസം ഹാജരാവുന്നതിന്നായി നിര്‍ദ്ദേശം നല്കിയ പ്രതികള്‍ പിന്നീട് ഒളിവില്‍ പോകുകയായിരുന്നു. ഇവര്‍ വയനാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ രഹസ്യമായി പിന്തുടര്‍ന്ന പേരാമ്പ്ര ഇന്‍സ്പെക്ടര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും പേരാമ്പ്ര ഡി.വൈ.എസ്.പി സ്ക്വാഡും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്നും സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം പരിശോധിച്ചു വരികയാണെന്നുംപേരാമ്പ്ര DySP അറിയിച്ചു.