ഇനി കൊയിലാണ്ടിയില്‍ നിന്നും തുറയൂര്‍ ഭാഗത്തേക്ക് യാത്ര എളുപ്പമാകും; ഉദ്ഘാടനത്തിനൊരുങ്ങി നടക്കല്‍, മുറിനടക്കല്‍ പാലങ്ങള്‍


കീഴരിയൂര്‍: ഏറെ കാലത്തെ കാത്തിരിപ്പിന് അവസാനം കുറിച്ചുകൊണ്ട് കീഴരിയൂര്‍, തുറയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടക്കല്‍, മുറിനടക്കല്‍ പാലങ്ങളുടെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായി.
കോരപ്ര- പൊടിയാടി റോഡില്‍ എട്ടുകോടി ചെലവിലാണ് ഇരുപാലങ്ങളും നിര്‍മിച്ചത്.

ദേശീയപാതയിലെ കൊല്ലം ജങ്ഷനില്‍ നിന്ന് നെല്ല്യാടിക്കടവ് പാലം കടന്ന് മൂന്നരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കീഴരിയൂര്‍ സെന്ററിലെത്താം. അവിടെ നിന്നാണ് പൊടിയാടി-തുറയൂര്‍ റോഡ് തുടങ്ങുന്നത്. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് അനുവദിച്ച ഒരു കോടി 61 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. നടക്കല്‍, മുറിനടക്കല്‍ പാലങ്ങളുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് 19 ന് നിര്‍വഹിക്കും.

പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ദേശീയപാതയില്‍ നിന്ന് കൊല്ലം വഴി, നെല്ല്യാടിക്കടവ് പാലം കടന്ന് കീഴയിരൂര്‍ തുറയൂര്‍ വഴി എളുപ്പത്തില്‍ പയ്യോളിയില്‍ എത്താം. തുറയൂരില്‍ നിന്നും കൊയിലാണ്ടിയിലേക്കുളള ദൂരവും ഗണ്യമായി കുറയും. ഗതാഗതത്തോടൊപ്പം പ്രദേശത്തെ ടൂറിസത്തിനും ഏറെ ഗുണകരമാണ് ഈ വഴി. തുറയൂര്‍, പയ്യോളി, മണിയൂര്‍, പേരാമ്പ്ര, മേപ്പയ്യൂര്‍ ഭാഗത്തേക്കെല്ലാം ഈ റോഡ് വഴി പോകാം.

നടക്കല്‍ പാലം 20 സ്പാനുകളിലും മുറിനടക്കല്‍ പാലം 22 സ്പാനുകളിലുമാണ് നിര്‍മിച്ചിരിക്കുന്നത്. ഇരു പാലങ്ങളുടെ ഇരുവശങ്ങളിലും നടപ്പാതയും ഒരുക്കിയിട്ടുണ്ട്. നടക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡ് കീഴരിയൂര്‍ ഭാഗത്ത് 86 മീറ്ററും തുറയൂര്‍ പഞ്ചായത്തില്‍ 63 മീറ്ററുമാണ്. മുറിനടക്കല്‍ പാലത്തില്‍ ഇത് 65 മീറ്റര്‍, 83.7 മീറ്റര്‍ എന്നിങ്ങനെയാണ്.

പാലം യാഥാര്‍ത്ഥ്യമായതോടെ ഈ റൂട്ടില്‍ ബസ് സര്‍വ്വീസുകള്‍ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പയ്യോളിയില്‍ നിന്നും തുറയൂര്‍- കീഴരിയൂര്‍ വഴി കൊയിലാണ്ടിയിലേക്കും തിരിച്ചും ബസ് സര്‍വീസ് നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് പ്രതിനിധികള്‍ ഇരു പഞ്ചായത്തുകളെയും സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ടിഒയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അനുകൂലനമായ മറുപടി ലഭ്യമായാല്‍ ബസ് സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്നും ഇത് ജനങ്ങള്‍ക്ക് ഏറെ ഉപകരാപ്രദമാകുമെന്നും കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല പറഞ്ഞു.