”ലീവ് ഔദ്യോഗിതമായി ചോദിച്ചിട്ടില്ല, മാലിന്യമുക്ത പഞ്ചായത്തിനായി ഏറ്റവുമധികം വര്‍ക്ക് ചെയ്ത വ്യക്തി, രാജി വെച്ച് പോവരുതെന്ന് ആഗ്രഹിച്ചിരുന്നു’; ചെക്യാട് പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രിയങ്കയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും


വടകര: ചെക്യാട് പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ വടകര ഡോട് ന്യൂസിനോട് പ്രതികരിച്ച് പഞ്ചായത്ത് പ്രഡിസന്റ്. ”പ്രിയങ്ക വന്നത് ശരിക്കും ഭാഗ്യമായാണ് ഞങ്ങള്‍ കരുതിയിരുന്നത്. അത്രത്തോളം നല്ലതായിരുന്നു കുട്ടി. മാലിന്യമുക്ത പഞ്ചായത്തിനായി ഏറ്റവുമധികം വര്‍ക്ക് ചെയ്ത ആളാണ് പ്രിയങ്കയെന്നും അവരുടെ മരണത്തില്‍ അതിയായ വിഷമമുണ്ടെന്നും നസീമ കൊട്ടാരത്ത് പറഞ്ഞു പറഞ്ഞു

”പക്ഷേ ലീവ് കിട്ടുന്നില്ലെന്ന പ്രശ്‌നം ഞങ്ങളോട് പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നെങ്കില്‍ കൊടുക്കുമായിരുന്നു. പക്ഷേ, പഞ്ചായത്ത് അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം താല്‍ക്കാലിമായിട്ടുള്ള കുട്ടിക്ക് രണ്ട് മാസം ഒരുമിച്ച് ലീവ് കൊടുക്കാനുള്ള അധികാരം സെക്രട്ടറിക്കില്ല. അല്ലെങ്കില്‍ രാജി വെച്ച് പോകണം. പക്ഷേ പ്രിയങ്ക രാജി വെച്ച് പോവരുത് എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ഔദ്യോഗികമായി ഒരു ലീവ് ലെറ്ററോ അല്ലെങ്കില്‍ ഞങ്ങളോട് പറയുകയോ ചെയ്തിട്ടില്ലെന്ന് പ്രസിഡന്റ് പറഞ്ഞു.

”ലീവിന്റെ കാര്യം പേഴ്‌സണലായിട്ടെങ്കിലും പറഞ്ഞാ മതിയായിരുന്നു. കുട്ടിയുടെ ജോലി കളയണ്ടെന്ന് നല്ലത് വിചാരിച്ചാണ് സെക്രട്ടറി അങ്ങനെ ചെയ്തതെന്നും പ്രിയങ്കയുടെ മരണം വളരെ വിഷമമുണ്ടാക്കിയെന്നും പ്രസിഡന്റ് പറഞ്ഞു.

സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിയാണ്‌ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന്‌ വ്യക്തമാക്കുന്ന പ്രിയങ്കയുടെ ശബ്ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്‌. അവധി അപേക്ഷ നിരന്തരമായി നിഷേധിച്ചത് മാനസികമായി തകര്‍ത്തുവെന്ന് പുറത്ത് വന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ടെന്ന് മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌.

”നിരവധി തവണ അവധിക്ക് അപേക്ഷിച്ചുവെങ്കിലും അവധി ലഭിച്ചില്ലെന്നും തനിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിക്കുകയാണെങ്കില്‍ അതിന് ഉത്തരവാദി പഞ്ചായത്ത് സെക്രട്ടറിയായിരിക്കുമെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘പ്രിയങ്ക ഔദ്യോഗികമായി ലീവിന് അപേക്ഷിച്ചിട്ടില്ലെന്നും, ഈ മാസം കുട്ടി നാല് ലീവ് എടുത്തുകഴിഞ്ഞുവെന്നും അവസാനമായി കണ്ട അന്ന് സന്തോഷത്തോടെയാണ് കുട്ടി വീട്ടിലേക്ക് പോയതെന്നും’ പഞ്ചായത്ത് സെക്രട്ടറി നിഷ പി.വി വടകര ഡോട് ന്യൂസിനോട് പറഞ്ഞു

ഇന്നലെയാണ് വൈക്കിലശ്ശേരി പുതിയോട്ടില്‍ പ്രിയങ്കയെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് അമ്മ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് പരിസരവാസികള്‍ വന്ന് വാതില്‍ തുറന്ന് നോക്കയിപ്പോഴാണ് പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഓര്‍ക്കാട്ടേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. എടച്ചേരി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തുകയായിരുന്നു.