ന്യൂനമര്‍ദ സാധ്യത, സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് അറിയിപ്പ്; കോഴിക്കോട് ജില്ലകളില്‍ നാളെ യെല്ലോ അലെര്‍ട്ട്


കോഴിക്കോട്: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയുള്ള തീയ്യതികളിലാണ് മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

അതേസമയം ദേശീയ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ ബുള്ളറ്റിന്‍ അനുസരിച്ച് ബുധനാഴ്ച സംസ്ഥാനത്ത് ഒരു ജില്ലകളിലും മഴ അലെര്‍ട്ടുകളില്ല. വ്യാഴാഴ്ച മുതലുള്ള ദിവസങ്ങളില്‍ കോഴിക്കോട് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളിലും തെലങ്കാനക്ക് മുകളിലും മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലും ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് കാരണമായി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദമാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണമാവുമെന്ന് പ്രവചിക്കപ്പെടുന്നത്.

സെപ്റ്റംബര്‍ 28 മുതലുള്ള തീയ്യതികളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, മലപ്പുറം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലെര്‍ട്ടുള്ളത്.

വെള്ളിയാഴ്ച കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലുമാണ് യെല്ലോ അലെര്‍ട്ടുള്ളത്.