നാട്ടുകാരുടെ ഇടപെടല്‍ ഫലവത്താകുന്നു; ഫണ്ട് ലഭ്യമായാല്‍ കോതമംഗലം മണല്‍ റോഡില്‍ അടിപ്പാത നിര്‍മ്മിക്കാമെന്ന് ദേശീയപാത അതോറിറ്റിയുടെ ഉറപ്പ്
കൊയിലാണ്ടി: കേന്ദ്രസര്‍ക്കാറില്‍ നിന്നും ഫണ്ട് ലഭ്യമായാല്‍ നന്തി-ചെങ്ങോട്ടു കാവ് ബൈപ്പാസ് മുറിച്ചുകടക്കുന്ന കോതമംഗലം മണമല്‍ റോഡില്‍ അടിപ്പാത നിര്‍മ്മിക്കുന്നത് പരിഗണിക്കാമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഇന്ത്യയുടെ എന്‍ജിനീയര്‍മാര്‍ അറിയിച്ചു. ബൈപ്പാസ് നിര്‍മ്മാണത്തോടെ കോതമംഗലം-മണമല്‍ റോഡ് ഇല്ലാതാകുമെന്ന ആശങ്ക നാട്ടുകാര്‍ പങ്കുവെച്ചിരുന്നു.
നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ച് പ്രതിഷേധവുമായി മുന്നോട്ടുപോയ സാഹചര്യത്തില്‍ കെ.മുരളീധരന്‍ എം.പി വിഷയത്തില്‍ ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിച്ച് എന്‍.എച്ച്.എ.ഐ ഡെപ്യൂട്ടി ജനറല്‍ മാനേജറും പ്രോജക്ട് ഡയരക്ടറുമായ അഭിഷേക് തോമസ് വര്‍ഗ്ഗീസ് ഉള്‍പ്പടെയുളള എഞ്ചിനിയര്‍മാര്‍ ഞായറാഴ്ച സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു.
മണമല്‍ റോഡില്‍ അണ്ടര്‍ പാസ് അനുവദിക്കണമെന്ന് പ്രദേശത്തെ നഗരസഭ കൗണ്‍സിലര്‍മാരും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും എന്‍ജിനീയര്‍മാരോട് ആവശ്യപ്പെട്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. മുത്താമ്പി റോഡില്‍ ഒരു അണ്ടര്‍ പാസ് ഉള്ളതിനാല്‍ മറ്റൊന്ന് ഉണ്ടാകില്ലെന്ന് എഞ്ചിനിയര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ മണമല്‍ റോഡിലും അണ്ടര്‍പാസ് അനുവദിക്കണമെന്ന ആവശ്യത്തില്‍ പ്രദേശവാസികള്‍ ഉറച്ചുനിന്നു.
റോഡ് അടച്ചാല്‍ കോതമംഗലം എല്‍.പി സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ വഴി തടസ്സപ്പെടുമെന്നും, ആംബുലന്‍സ്, ഫയര്‍ എഞ്ചിനുകള്‍ എന്നിവയ്ക്കുള്ള വഴി തടസ്സപ്പെടുമെന്നും പ്രദേശവാസികള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ചാല്‍ അണ്ടര്‍ പാസ് പരിഗണിക്കുമെന്ന ഉറപ്പ് നല്‍കിയാണ് എഞ്ചിനിയര്‍മാര്‍ പോയത്. അതുവരെ റോഡ് തടസ്സപ്പെടുത്തുകയില്ലെന്നു ഉറപ്പുനല്‍കുകയും ചെയ്തു.
മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ വല്‍സരാജ് കേളോത്ത്, എം.ദൃശ്യ, മുന്‍ കൗണ്‍സിലര്‍ ചെറുവക്കാട്ട് രാമന്‍, ഡോ.ടി.വേലായുധന്‍, എ.കെ., ഉണ്ണികൃഷ്ണന്‍, അരുണ്‍ മണമല്‍, ബാബുരാജ്, സുരേഷ് ബാബു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഊരള്ളൂര്‍, മൂഴിക്കു മീത്തല്‍, കാവുംവട്ടം, തെറ്റിക്കുന്ന്, അണേല, കുറുവങ്ങാട്, മണമ്മല്‍ ഭാഗത്ത് നിന്ന് വരുന്ന നൂറു കണക്കിന് യാത്രക്കാര്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിത്യാനന്ദാശ്രമം കോതമംഗലം റോഡ് വഴിയാണ്. കൊയിലാണ്ടി നഗരത്തിലേക്ക് എളുപ്പം എത്താവുന്ന പാതയുമാണിത്. മുത്താമ്പി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുമ്പോള്‍ കാവുംവട്ടം, അരിക്കുളം ഭാഗത്തേക്ക് എത്താനുള്ള ബദല്‍ മാര്‍ഗം കൂടിയാണ് ഈ റോഡ്.
ഈ റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം 15 കോടി രൂപയിലേറെ ചെലവഴിച്ച് കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍പ്പെടുത്തി മണമല്‍ മുതല്‍ കാവുംവട്ടം വഴി മുത്താമ്പി വൈദ്യരങ്ങാടി വരെ റോഡ് വികസിപ്പിച്ചത്. ഈ വിഷയങ്ങള്‍ നാട്ടുകാര്‍ എഞ്ചിനിയര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.