നിറങ്ങളിലൂടെ ലോകത്തിന്റെ വലിയ കാഴ്ചകള്‍ കാണുന്ന പെണ്‍കുട്ടി; ചക്കിട്ടപ്പാറ സ്വദേശിയായ ജിന്റോ തോമസിന്റെ ചിത്രം ഒരുങ്ങുന്നു


നിറങ്ങള്‍ക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകള്‍ കാണുന്ന പെണ്‍കുട്ടിയുടെ കഥ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. പേരാമ്പ്ര ചക്കിട്ടപ്പാറ സ്വദേശിയായ ജിന്റോ തോമസാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

സംസ്ഥാന പുരസ്‌കാരം നേടിയ കാടകലം, അന്തോളജി ചിത്രം പടച്ചോന്റെ കഥകള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ജിന്റോ തോമസ്. സഹസംവിധായകനായ ജിന്റോ നിരവധി പരസ്യ ചിത്രങ്ങളുടെയും ഡോക്യുമെന്ററികളുടെയും ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജിന്റോ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.

വഴക്ക് എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ തന്മയ സോളാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മാളോല പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജി മാളോല നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട്, എറണാകുളം, എന്നിവിടങ്ങളില്‍ പൂര്‍ത്തിയായി. ദിനീഷ്.പി, നിഷ സാരംഗ്, ജിയോ ബേബി, കബനി സൈറ, പ്രദീപ് ബാലന്‍, പോള്‍ ഡി ജോസഫ് എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിഷ്ണു കെ.മോഹന്റേതാണ് കഥയും തിരക്കഥയും. റെജി ജോസഫ് ഛായാഗ്രഹണവും പ്രഹ്ലാദ് പുത്തഞ്ചേരി എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. അര്‍ജുന്‍ അമ്പയുടെ വരികള്‍ക്ക് സാന്റിയാണ് സംഗീതം ഒരുക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈനര്‍ സിജോ മാളോല, ആര്‍ട്ട് ബിജു ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരുണ്‍ ടി.ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍സ് ലിജിന്‍ കെ.ഈപ്പന്‍, സിറാജ് പേരാമ്പ്ര. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.