ജീവിതശൈലി രോഗങ്ങളെ തിരിച്ചറിയാം, പ്രതിരോധിക്കാം; ചക്കിട്ടപ്പാറയില്‍ ഇനി വിഷരഹിത പച്ചക്കറികള്‍ മാത്രം, സേവാസ് – അടുക്കള തോട്ടം പദ്ധതിക്ക് തുടക്കം



ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും അടുക്കള തോട്ടം ഒരുങ്ങുന്നു. ‘അടുക്കളത്തോട്ടം’ പദ്ധതിയിലൂടെ പഞ്ചായത്തിനെ വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിച്ചു കൊണ്ട് ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയും ജീവിതശൈലി രോഗങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണുളളത്.

പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി എല്ലാ കുടുംബങ്ങള്‍ക്കും ഹൈബ്രിഡ് വിത്തുകള്‍ വിതരണം ചെയ്തിരുന്നു. കൂടാതെ വാര്‍ഡുകള്‍ തമ്മില്‍ അടുക്കള തോട്ടം മത്സരവും നടക്കുന്നുണ്ട്.

അഞ്ചുവര്‍ഷത്തെ നിരന്തരവും സമഗ്രവുമായ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കി അതിലൂടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മേഖലകളെ സമ്പുഷ്ടമാക്കി ചക്കിട്ടപ്പാറ പഞ്ചായത്തിനെ ഏറ്റവും ഉന്നത നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുന്നില്‍കണ്ട് നിരവധിയായ പ്രവര്‍ത്തനങ്ങളാണ് സേവാസ് പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നത്.

പച്ചക്കറി തോട്ടം പേരാമ്പ്ര ബിപിസി നിത വി.പി പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഒന്നാം വാര്‍ഡില്‍ പതിനെട്ട് കുടുംബശ്രീകള്‍ തമ്മിലും അടുക്കള തോട്ടം പദ്ധതിയുടെ ഭാഗമായി കൃഷി മത്സരം നടക്കുന്നുണ്ട്. ഒന്നാം വാര്‍ഡ് മെമ്പര്‍ പ്രദീപന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ രഞ്ജിത്ത് എല്‍.വി, സി. ആര്‍. സി കോഡിനേറ്റര്‍ ലിനീഷ് പി.പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തണല്‍ കുടുംബശ്രീ സെക്രട്ടറി ശരണ്യ സ്വാഗതവും ലിജി ഷൈജു നന്ദിയും പറഞ്ഞു.