ടോക്യോ ഒളിമ്പിക്സിന് പിന്നാലെ കോമൺവെൽത്ത് ഗെയിംസിലും; ചക്കിട്ടപ്പാറ സ്വദേശി ഒളിമ്പ്യൻ നോഹ നിര്‍മല്‍ ടോം കുതിപ്പ് തുടരുന്നു


പേരാമ്പ്ര: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള മുപ്പത്തിയേഴംഗ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിനെ പ്രഖ്യാപിച്ചു. ചക്കിട്ടപാറ സ്വദേശിയുൾപ്പെടെ ടീമില്‍ പത്ത് മലയാളി താരങ്ങളുണ്ട്. ഇന്ത്യൻ സംഘത്തെ ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര നയിക്കും. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക.

ഏഴ് പുരുഷ താരങ്ങളും മൂന്ന് വനിതാ താരങ്ങളുമാണ് ടീമിലെ മലയാളിസാന്നിധ്യം. ചക്കിട്ടപ്പാറക്കാരൻ നോഹ നിര്‍മല്‍ ടോം, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, എം. ശ്രീശങ്കര്‍, മുഹമ്മദ് അനീസ്, അബ്ദുള്ള അബൂബക്കര്‍, എല്‍ദോസ് പോള്‍, ആന്‍സി സോജന്‍, എം വി ജില്‍ന, എന്‍ എസ് സിമി എന്നിവാണ് ടീമിലെ മലയാളി താരങ്ങള്‍.

റിലേ മത്സരത്തിലാണ് നോഹ മത്സരിക്കുന്നത്. 4×400 മീറ്റർ റിലേയിൽ നോഹയ്ക്ക് പുറമേ മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, രാജേഷ് രമേഷ് എന്നിവർ പങ്കെടുക്കും. ടോക്യോ ഒളിമ്പിക്സിൽ മികച്ച പ്രകടനമാണ് നോഹയും ടീമും കാഴ്ചവെച്ചത്.