അടയുണ്ട്, നൂൽ പുട്ടുണ്ട്, മുട്ടയുണ്ട്; ഫൈവ് സ്റ്റാറാവുകയാണ് കൊയിലാണ്ടി അങ്കണവാടികളിലെ മെനു

കൊയിലാണ്ടി: അങ്കണവാടികൾ സ്മാർട്ടാവുന്നതോടെ ഭക്ഷണ മെനുവും സൂപ്പറാവുകയാണ്. കൊയിലാണ്ടിയിലെ നഗരസഭയിൽ മുഴുവൻ അങ്കണവാടികളിലും ക്രാഡിൽ മെനുവിന് ആരംഭമായി. അങ്കണവാടികൾ കുഞ്ഞുങ്ങളുടെ രണ്ടാം വീടാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭക്ഷണ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഒപ്പം 6 വയസ്സിന് താഴെയുള്ള കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുവാനും.

തിങ്കൾ വ്യാഴം ദിവസങ്ങളിൽ വെജ് അടയാണ് കുട്ടികളുടെ പ്രഭാത ഭക്ഷണം. ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും സ്വാദൂറുന്ന നൂൽപുട്ടും മുളപ്പിച്ച ചെറുപയർ കറിയും. ബുധനും ശനിയും ഉഗ്രൻ പുട്ടും കടലക്കറിയും.

ഇതിനൊക്കെ പുറമെ നാടൻ മുട്ടയും ശുദ്ധമായ പശുവിൻ പാലും കുട്ടികൾക്ക് നൽകുന്നുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം വീതമാണ് മുട്ടയും പാലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളിലെ മൂലക കുറവ് പരിഹരിക്കുന്നതിനായി ആണ് പോഷക സമ്പുഷ്ടമായി രുചി വൈവിധ്യത്തോടെ ഭക്ഷണം ക്രമീകരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ സുധ കെ.പി നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സബിത സി പദ്ധതി വിശദീകരിച്ചു. ഷിനി, സജിത്, ബിന്ദു, വീണ, ശ്രീനിവാസൻ എന്നിവർ ആശംസകളർപ്പിച്ചു. ആരോഗ്യ സ്‌റ്റ്‌റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ സി പ്രജില സ്വാഗതവും രുഗ്മിണി നന്ദിയും പറഞ്ഞു.