സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ കുട്ടികളെ ഇടിച്ചു വീഴ്ത്തി, പിന്നാലെ ബസില്‍ നിന്ന് ഇറങ്ങിയോടി ഡ്രൈവറും കണ്ടക്ടറും; വടകര മടപ്പള്ളിയിലുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


വടകര: ദേശീയപാതയിൽ മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌. റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനികളെയാണ് കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തിയത്.

അപകടത്തിന് പിന്നാലെ ബസില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങി ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം. മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനികളായ ശ്രയ, ദേവിക, ഹൃദ്യ എന്നിവർക്കാണ് പരിക്കേറ്റത്. റോഡിലുണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെയും വടകരയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

സീബ്രാലൈനിലൂടെ കൂട്ടമായി റോഡ് മുറിച്ചു കടക്കുകയായിരുന്നു കുട്ടികള്‍. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഒരു ലോറി വേഗത്തില്‍ കടന്നുപോയിരുന്നു. പിന്നാലെ എത്തിയ കെ എൽ 56 വൈ 7567 നമ്പർ അയ്യപ്പൻ എന്ന ബസാണ് കുട്ടികളെ ഇടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന്‌ ബസ് ചോമ്പാല പോലീസ് കസ്റ്റഡിയിൽ എടുത്തു.