കൊയിലാണ്ടി ഹാർബറില്‍ വച്ച് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവ്
കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവ്. ആസാം സ്വദേശികളായ ലക്ഷി ബ്രഹ്മ, മനാരഞ്ജൻ റായി എന്നിവര്‍ക്കാണ് കോഴിക്കോട് അഡീഷണൽ സെഷൻ ജഡ്ജ് സെയ്തലവി ശിക്ഷ വിധിച്ചത്. 2022 ഒക്ടോബർ 4നാണ് കേസിനാസ്പദമായ സംഭവം.
കൊയിലാണ്ടി ഹാർബറിലെ പുലിമുട്ടിൽ വച്ച് രാത്രി 12 മണിയോടെ മത്സ്യത്തൊഴിലാളിയായ ആസാം സ്വദേശി ദുളുരാജ് ബോൺഷിയെ സുഹൃത്തുക്കളായ ലക്ഷി ബ്രഹ്മയും മനാരഞ്ജൻ റായിയും ചേർന്ന് കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊയിലാണ്ടി ഹാര്‍ബറിനോട് ചേര്‍ന്ന് പാറക്കെട്ടിലായിരുന്നു മൂന്നു പേരും
ഇരുന്നിരുന്നത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കഴുത്തില്‍ ബെല്‍റ്റ് മുറിക്ക് കടലില്‍ മുക്കിയാണ് ദുലുവിനെ രണ്ട് പേരും ചേര്‍ന്ന് കൊന്നത്.
കടപ്പുറത്ത് പാറക്കെട്ടിനു സമീപം മദ്യപിച്ച് ബഹളമുണ്ടായതിനെ തുട൪ന്ന് നാട്ടുകാർ എത്തിയപ്പോൾ ഒരാൾ കമിഴ്ന്ന് കിടക്കുന്നതാണ് കാണുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഉടൻ തന്നെ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴെക്കും യുവാവ് മരണപ്പെട്ടിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് പ്രതികളെ പെട്ടെന്ന് തന്നെ പിടികൂടാനായത്. പോലീസെത്തിയപ്പോൾ പ്രതികളിലൊരാൾ കടലിൽ ചാടുകയായിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ പിടികുടുകയായിരുന്നു. രണ്ടാമത്തെ ആൾ രക്ഷപ്പെട്ട് കൊയിലാണ്ടി ഗുരുകുലം ബീച്ചിൽ എത്തിയെങ്കിലും പോലീസിൻ്റെ മിന്നൽ തെരച്ചിലിൽ പിടിയിലായി.
എസ്.ഐമാരായ അനൂപ്, അരവിന്ദ് തുടങ്ങിയവരാണ് കേസിന്റെ സ്പോട്ട് ഇൻക്വസ്റ്റ് നടത്തിയത്. സി.ഐമാരായ കെ.സി സുബാഷ് ബാബു, എൻ.സുനിൽ കുമാർ, എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐമാരായ കെ.പി ഗിരീഷ്, പ്രദീപൻ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജയദീപ് ഹാജരായി.