മതവികാരം വ്രണപ്പെടുത്തല്‍; വി.പി സുഹറയുടെ പരാതിയില്‍ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ പൊലീസ് കേസെടുത്തു


കോഴിക്കോട്: വനിതാ അവകാശ പ്രവര്‍ത്തക വി.പി.സുഹറയുടെ പരാതിയില്‍ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. മതസ്പര്‍ധ ഉണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഐ.പി.സി 295 എ, 298 എന്നീ വകുപ്പുകളാണ് ചുമത്തിയത്.

തട്ടിമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികള്‍ എന്ന ഉണര്‍ ഫൈസിയുടെ പരാമര്‍ശത്തിനെതിരെയാണ് വി.പി സുഹറ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സി.പി.എം സംസ്ഥാന സമിതി അംഗം അനില്‍കുമാറിന്റെ തട്ടം പ്രസ്താവനയുടെ ചുവടുപിടിച്ച് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ഉമര്‍ ഫൈസി നടത്തിയ ഈ പരാമര്‍ശം ഏറെ വിവാദമായിരുന്നു.

തട്ടിമിടാത്ത സ്ത്രീകളെ അവഹേളിച്ച ഉമര്‍ ഫൈസിയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. പ്രസ്താവനയിലൂടെ മുസ്‌ലിം മതത്തെ അപമാനിച്ചുവെന്നും ആരോപിച്ചിരുന്നു. ഒക്ടോബര്‍ രണ്ടാംവാരം നല്‍കിയ പരാതിയില്‍ ഏറെ വൈകിയാണ് കേസെടുത്തിരിക്കുന്നത്.