രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്രദമായി രശ്മി പൊറ്റപ്പൊയില്‍ സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസ്; എസ്.എസ്.എല്‍.സി- പ്ലസ് ടു വിജയികള്‍ക്ക് അനുമോദനവും


പൊയില്‍ക്കാവ്: രശ്മി പൊറ്റപ്പൊയില്‍ സംഘടിപ്പിച്ച വിജ്ഞാന സദസ്സും അനുമോദന സായാഹ്നവും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി. പുതിയ കാലത്തിന്റെ അവസരങ്ങളെ യഥാസമയം മനസ്സിലാക്കാനും, വിവിധ അഭിരുചികളുള്ള വിദ്യാര്‍ത്ഥി സമൂഹത്തിനും, സാധാരണ രക്ഷിതാക്കള്‍ക്കും കൃത്യമായ ദിശാബോധം നല്‍കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളുമായി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളെ അണി ചേര്‍ത്തുകൊണ്ട് രശ്മി പൊറ്റപ്പൊയില്‍ സംഘടിപ്പിച്ചു വരുന്ന പരിപാടികളുടെ തുടര്‍ച്ചയായാണ് ഇത്തവയും പരിപാടികള്‍ സംഘടിപ്പിച്ചത്.

ഇത്തവണ എസ്.എസ്.എല്‍.സി, പ്ലസ് ടു കഴിഞ്ഞവര്‍ക്കുള്ള പഠനത്തിന്റെ പുതിയ മേഖലകളെയും വിവിധങ്ങളായ പ്രവേശന പരീക്ഷകളെയും സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള ഡോ. പി.കെ ഷാജി മാസ്റ്റര്‍ നയിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസ് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ഗുണകരമായി. അതോടനുബന്ധിച്ച് എസ്.എസ്.എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള അനുമോദന സായാഹ്നവും സംഘടിപ്പിച്ചു.

കന്മന ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സെക്രട്ടറി വിഷ്ണു സ്വാഗതമാശംസിച്ചു. വാര്‍ഡ് മെമ്പര്‍ ജയശ്രീ മനത്താനത്ത് അധ്യക്ഷത വഹിച്ചു. സുഗതന്‍ കുറ്റിയില്‍ നന്ദി രേഖപ്പെടുത്തി.