ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഇല്ലാതെ യാത്ര ചെയ്യാന്‍ വരട്ടേ; നിയമലംഘനം കണ്ടെത്താന്‍ വടകര മേഖലയില്‍ സ്ഥാപിക്കുന്നത് 15 ക്യാമറകള്‍


വടകര: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് വടകര താലൂക്കില്‍ 14 സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കുന്നു. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റാണ് ക്യാമറകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക.

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, വാഹനങ്ങളിലെ ആള്‍ട്രേഷന്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ ക്യാമറ വഴി കണ്ടെത്തി പിഴ ഈടാക്കും. വാഹനങ്ങളുടെ അമിത വേഗത കണ്ടെത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ക്യാമറകളില്‍ ഉള്‍പ്പെടുത്താന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

ALSO READ- കുറുവങ്ങാട് ചാത്തോത്ത് തലച്ചില്ലോന്‍ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി

വടകര മേപ്പയില്‍, സാന്റ് ബാങ്ക്‌സ് റോഡ്, പഴയ ബസ് സ്റ്റാന്‍ഡ്, പെരുവാട്ടും താഴെ, തിരുവള്ളൂര്‍, ഓര്‍ക്കാട്ടേരി, എടച്ചേരി, വില്യാപ്പള്ളി, കുറ്റ്യാടി, തൊട്ടില്‍പാലം, പൈക്കളങ്ങാടി, കക്കട്ടില്‍, നാദാപുരം, ചേറ്റുവെട്ടി, കല്ലാച്ചി എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. കൂടാതെ ജില്ലയില്‍ 62 കേന്ദ്രങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നുണ്ട്. 15 സ്ഥലങ്ങളില്‍ കൂടി ക്യാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി.

കെല്‍ട്രോണിനാണ് ക്യാമറകളും കണ്‍ട്രോള്‍ റൂം സ്ഥാപിക്കുന്നതിന്റെയും ചുമതല. സോളാര്‍ പാനല്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. കോഴിക്കോട് കേന്ദ്രമായി സ്ഥാപിക്കുന്ന കണ്‍ട്രോള്‍ റും വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.