വീടുകളില്‍ കേക്ക് ഉണ്ടാക്കുന്നവരാണോ? ക്രിസ്മസ്- പുതുവത്സരങ്ങള്‍ക്കായ് കേക്കു നിര്‍മിക്കുന്നവര്‍ രജിസ്ട്രേഷന്‍ നടത്തിയില്ലെങ്കില്‍ ഇത്തവണ കേക്കിന് മധുരം കുറയും!


കോഴിക്കോട്: ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് വീടുകളില്‍ കേക്കുണ്ടാക്കി വില്‍പന നടത്തുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ രജിസ്ട്രേഷന്‍/ ലൈസന്‍സ് എടുക്കാതെ കേക്കുണ്ടാക്കി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെയാണ് അധികൃതര്‍ കര്‍ശന നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ജില്ലയില്‍ വ്യാപക പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷ വകുപ്പ് തീരുമാനിച്ചു. വീടുകള്‍ കേന്ദ്രീകരിച്ച് കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളും നിര്‍മിച്ച് വില്‍പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരമുള്ള രജിസ്ട്രേഷനാണ് നിര്‍ബന്ധമായുള്ളത്. ഇതെടുക്കാതെ നിയമവിരുദ്ധമായി ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കി വില്‍പന നടത്തുന്നത് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം സെക്ഷന്‍ 63 പ്രകാരം 10 ലക്ഷം രൂപവരെ പിഴ ചുമത്താവുന്ന കുറ്റമാണ്.

ചെറുകിട ഉല്‍പാദകര്‍ക്ക് സ്വമേധയാ രജിസ്ട്രേഷന്‍ എടുത്ത് നിയമനടപടിയില്‍നിന്ന് ഒഴിവാകാവുന്നതാണ്. കൂടാതെ കേക്ക് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഫുഡ് അഡിറ്റീവുകള്‍ നിയമപരമാണെന്ന് ഉല്‍പാദകര്‍ ഉറപ്പുവരുത്തേണ്ടതാണ്. ബെന്‍സോയിക് ആസിഡ്, സോര്‍ബിക് ആസിഡ് തുടങ്ങിയ പ്രിസര്‍വേറ്റീവുകള്‍ ഒരു കിലോ കേക്കില്‍ ഒരുഗ്രാമില്‍ കൂടുതല്‍ ചേര്‍ക്കുന്നത് നിയമവിരുദ്ധമാണ്.

ഉപഭോക്താക്കള്‍ പാക്ചെയ്ത ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോാള്‍ ലേബല്‍ വിവരങ്ങളുള്ളതും കാലാവധി രേഖപ്പെടുത്തിയതുമായ ഭക്ഷണസാധനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. വഴിയോര കടകള്‍, ഉന്തുവണ്ടിയില്‍ കൊണ്ടുനടന്നുള്ള വില്‍പന, തെരുവ് കച്ചവടക്കാര്‍, പിക് അപ് ഓട്ടോയിലും മറ്റുമുള്ള മത്സ്യക്കച്ചവടം എന്നിവക്കെല്ലാം ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം രജിസ്ട്രേഷന്‍/ലൈസന്‍സ് എടുക്കണമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.

ലൈസന്‍സ് പെട്ടെന്ന് നേടാം

ഭക്ഷണ സാധനങ്ങള്‍ നിര്‍മിച്ച് വില്‍പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരമുള്ള രജിസ്ട്രേഷന്‍ ലഭിക്കുന്നതിന് 100 രൂപ മാത്രമാണ് ഒരു വര്‍ഷത്തേക്ക് ഫീസ്. 500 രൂപ ഒരുമിച്ചടച്ച് അഞ്ചുവര്‍ഷം കാലാവധിയുള്ള രജിസ്ട്രേഷന്‍ എടുക്കാനും അവസരമുണ്ട്.

[mid5]

ആധാറും ഫോട്ടോയും മാത്രമാണ് രേഖയായി സമര്‍പ്പിക്കേണ്ടത്. എീടഇീട എന്ന പോര്‍ട്ടല്‍ വഴിയോ അക്ഷയ സെന്ററുകള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ നല്‍കിയാല്‍ ഏഴു ദിവസത്തിനകം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയില്‍ നല്‍കുന്ന മെയില്‍ വിലാസത്തില്‍ ഓണ്‍ലൈനായി ലഭിക്കും.