സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം; മുളക്, വെളിച്ചെണ്ണ, തുടങ്ങി 13 സാധനങ്ങള്‍ക്ക് വില വര്‍ധിക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ട് 13 സാധനങ്ങള്‍ക്ക് നല്‍കിയിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമായി വെട്ടിക്കുറയ്ക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്.

ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ധിക്കുക. വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്‌സിഡി ഉല്‍പന്നങ്ങളുടെ വിലയിവും മാറ്റം വരുത്താനും യോഗത്തില്‍ തീരുമാനമായിക്കഴിഞ്ഞു.

എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. സര്‍ക്കാര്‍തലത്തില്‍ വിശദമായി പലപ്പോഴായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ വില വര്‍ദ്ധിപ്പിക്കുവാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. നവംബര്‍ മാസത്തിലാണ് എല്‍ഡിഎഫ് നേതൃയോഗം വില വര്‍ധിപ്പിക്കാമെന്ന് തീരുമാനിച്ചത്.

തുടര്‍ന്ന് ഇതിനെക്കുറിച്ച് പഠിക്കാനായി സര്‍ക്കാര്‍ വിദഗ്ദധ സമിതിയെ നിയോഗിക്കുകയും സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം സാധനങ്ങളുടെ സബ്‌സിഡി വില വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.