മയൊണൈസ് പതിവായി കഴിക്കുന്നവരാണോ? എങ്കില്‍ ഗുരുതര പ്രശ്‌നങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു


ചെറുപ്പക്കാരുടെയും കുട്ടികളുടെയും പ്രിയപ്പെട്ട ആഹാര സാധനങ്ങളിലൊന്നായി ചുരുങ്ങിയ കാലംകൊണ്ട് മയൊണൈസ് മാറിക്കഴിഞ്ഞു. മന്തിക്കൊപ്പവും ചിക്കനും അല്‍ഫാമിനും എന്തിന് പത്തിരിക്കൊപ്പംവരെ മയൊണൈസ് ട്രെന്റായിക്കഴിഞ്ഞു. ഫാസ്റ്റ്ഫുഡിനൊപ്പം മയൊണൈസ് വീണ്ടും വീണ്ടും ചോദിച്ചുവാങ്ങുന്നവരാണ് യുവാക്കളില്‍ ഏറെയും.

എന്നാല്‍ ഭക്ഷണത്തിന് രുചി കൂട്ടുമെങ്കിലും മയൊണൈസ് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് അമിതവണ്ണം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. നൂറ് ഗ്രാം മയോണൈസില്‍ 680 കലോറിയുണ്ട്. ഇത്രയധികം കലോറിയുള്ളതിനാല്‍ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് വഴിയൊരുക്കും.

ഇനി മയൊണൈസ് അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ ആരോഗ്യകരമായ രീതിയില്‍ വീട്ടില്‍ തയ്യാറാക്കി ഉപയോഗിക്കാം. പ്രധാനമായും രണ്ട് തരത്തില്‍ മയൊണൈസ് ആരോഗ്യകരമായി ഉണ്ടാക്കാം. ഒന്ന് പാല്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന രീതിയാണ്. രണ്ടാമത്തേത് കട്ടത്തൈര് ഉപയോഗിച്ചും. തൈര് ഉപയോഗിച്ചുള്ളതാണ് കൂടുതല്‍ ആരോഗ്യപ്രദം.

തൈര് ഉപയോഗിച്ച് എങ്ങനെ മയൊണൈസ് ഉണ്ടാക്കാമെന്ന് നോക്കാം. ഇതിന് ചുവന്ന കാപ്‌സിക്കം, കുതിര്‍ത്തുവച്ച ബദാം, അല്‍പം കട്ടത്തൈര്, വെളുത്തുള്ളി, പനീര്‍ ക്യൂബ്‌സ്, ചില്ലി ഫ്‌ളേക്‌സ്, , ഉപ്പ്, കുരുമുളക് എന്നിവയാണ് വേണ്ടത്.

കാപ്‌സിക്കം ഒന്ന് തീയില്‍ കാണിച്ച് ചുട്ടെടുത്ത ശേഷം ഇതും മറ്റ് ചേരുവകളും നന്നായി ബ്ലെന്‍ഡ് ചെയ്‌തെടുക്കുകയാണ് ചെയ്യുന്നത്. ഒരു ചെറിയ പാത്രത്തില്‍ മയൊണൈസ് തയ്യാറാക്കാന്‍ ഒരു ചുവന്ന കാപ്‌സിക്കം, ഒരു ടീസ്പൂണ്‍ കട്ടത്തൈര്, 7-8 കുതിര്‍ത്തുവച്ച് തൊലി കളഞ്ഞ ബദാം, 100 ഗ്രാം പനീര്‍ (ക്യൂബ്‌സ്), ഒരു വലിയ അല്ലി വെളുത്തുള്ളി, ഒരു ടീസ്പൂണ്‍ ചില്ലി ഫ്‌ളേക്‌സ്, ആവശ്യത്തിന് ഉപ്പ്- കുരുമുളക് എന്നിവയാണ് ചേര്‍ക്കേണ്ടത്. ആവശ്യമെങ്കില്‍ ഒരു പച്ചമുളകും ചേര്‍ക്കാം. അല്ലെങ്കില്‍ എരിവിന് അനുസരിച്ച് ചില്ലി ഫ്‌ളേക്‌സ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.