റോഡിനെ റേസിങ് ട്രാക്കാക്കി ബസ്സുകള്‍; പൂക്കാട് റോങ് സൈഡിലൂടെ അപകടകരമാം വിധം ഓടിച്ച ബസ് യാത്രക്കാര്‍ തടഞ്ഞു (വീഡിയോ കാണാം)


കൊയിലാണ്ടി: ബസ്സുകളുടെ അപകടകരമാം വിധമുള്ള മത്സര ഓട്ടം തുടര്‍ക്കഥയാവുന്നു. എല്ലാവരെക്കാളും മുന്നിലേക്ക് ഓടിയെത്താന്‍ ഏതുവിധത്തിലും ഡ്രൈവര്‍മാര്‍ ബസ് ഓടിക്കുമ്പോള്‍ ജീവന്‍ കയ്യില്‍ പിടിച്ചാണ് യാത്രക്കാര്‍ ഇരിക്കാറ്. റോഡിലെ മറ്റ് യാത്രക്കാര്‍ക്കും ഇത്തരം മത്സരയോട്ടങ്ങള്‍ ഭീഷണിയാണ്.

മുന്നിലോടുന്ന വണ്ടികളെ എല്ലാ ഗതാഗത നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് ബസ്സുകള്‍ മറികടക്കാറ്. ഓവര്‍ ടേക്കിങ് അനുവദിനീയമല്ലാത്ത സ്ഥലങ്ങളില്‍ പോലും ബസ്സുകള്‍ റോങ് സൈഡിലൂടെ കയറി അപകടകരമാം വിധം മറ്റ് വാഹനങ്ങളെ മറികടക്കും. പലപ്പോഴും ഇത് ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ട്. ദീര്‍ഘദൂര ബസ്സുകളാണ് ഇത്തരം നിയമലംഘനങ്ങള്‍ കൂടുതലായി നടത്തുന്നത്.

[ad-attitude]

ഇന്ന് പൂക്കാട് ടൗണില്‍ ഉണ്ടായതും ഇത്തരമൊരു സംഭവമാണ്. തെറ്റായ വശത്ത് കൂടെ വാഹനങ്ങളെ മറികടക്കാന്‍ ശ്രമിച്ച സ്വകാര്യ ബസ് റോഡിന്റെ മറുവശത്ത് ഇറങ്ങുക പോലും ഉണ്ടായി. ഇതോടെ പൂക്കാട് ഗതാഗതക്കുരുക്ക് ഉണ്ടായി. കണ്ണൂർ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സാഗര എന്ന ബസ്സാണ് കുരുക്കുണ്ടാക്കിയത്.

[ad1]

അപകടകരമാം വിധമുള്ള ഡ്രൈവിങ് ബസ്സിലെയും പുറത്തെയും യാത്രക്കാര്‍ ചോദ്യം ചെയ്തപ്പോഴും താന്‍ ചെയ്തതിനെ ഡ്രൈവര്‍ ന്യായീകരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തെറ്റായ വശത്ത് കൂടെ വന്ന ബസ് റോഡിന്റെ മറുവശത്ത് ഇറങ്ങി നില്‍ക്കുന്നതിന്റെയും ഗതാഗതക്കുരുക്കിന്റെയും ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. വീഡിയോ ചിത്രീകരിച്ചത് ഇഖ്ബാല്‍ ഫറോക്ക്.

ബസ്സുകളുടെ ഇത്തരം മരണപ്പാച്ചിലുകൾക്ക് കടിഞ്ഞാണിടാൻ പൊലീസും മോട്ടോർ വാഹന വകുപ്പ് അധികൃതരും ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് യാത്രക്കാർ ഉയർത്തുന്നത്.

വീഡിയോ കാണാം:

[ad2]