പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍; ബസ് ചാര്‍ജ് മിനിമം പത്ത് രൂപ


കോഴിക്കോട്: സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ ഞായറാഴ്‌ച‌ മുതൽ നിലവിൽ വരും. ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയിൽനിന്ന് പത്ത് രൂപയാകും. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് 25 രൂപയിൽനിന്ന് 30 രൂപയാകും. ഇതിന് പുറമേ നാല് ചക്ര ഓട്ടോ, ടാക്‌സി എന്നിവയുടെ നിരക്കും കൂടും.

ഓട്ടോ-ടാക്‌സി നിരക്ക് വർധനസംബന്ധിച്ച സർക്കാർ വിജ്ഞാപനം രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയിരുന്നു. എന്നാൽശനി ഉച്ചയോടെയാണ് ബസ് ചാർജ്ജ് വർധിപ്പിച്ചുള്ള വിജ്ഞാപനമിറങ്ങിയത്. ഓർഡിനറി ബസ് നിരക്കിന് ആനുപാതികമായി കെഎസ്‌ആർടിസിയുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളുടെ നിരക്കുകളും കൂടും. അഞ്ച് കിലോമീറ്ററാണ് മിനിമം ദൂരത്തിൽ ഫാസ്റ്റുകളിൽ സഞ്ചരിക്കാവുന്ന ദൂരം.

സൂപ്പർ ഫാസ്റ്റുകളുടേത് 10 കിലോമീറ്ററും. അതേസമയം എക്‌പ്രസ്, സൂപ്പർ എക്‌സ്പ്രസ്, സൂപ്പർ എയർ എക്‌സ്പ്രസ്, സൂപ്പർ ഡീലക്‌സ്, സെമീ സ്ലീപ്പർ, സിംഗിൾ ആക്‌സിൽ സർവീസുകൾ, മൾട്ടി ആക്‌സിൽ  സർവീസുകൾ, ലോ ഫ്ലോർ എസി എന്നിവയുടെ മിനിമം നിരക്ക് വർധിപ്പിച്ചിട്ടില്ല. സൂപ്പർ എക്‌സ്പ്രസുകളിൽ മിനിമം നിരക്ക് മാറ്റാതെ തന്നെ സഞ്ചരിക്കാവുന്ന ദൂരം വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ 28 രൂപയ്ക്ക് 10 കിലോമീറ്ററാണ് എക്സ്പ്രസ്, സൂപ്പർ എക്‌സ്പ്രസ് ബസ്സുകളിൽ സഞ്ചരിക്കാവുന്നത്. ഇനിമുതൽ 28 രൂപയ്‌ക്ക് 15 കിലോമീറ്റർ ദൂരം സഞ്ചരിക്കാം.

കെഎസ്ആർടിസി നോൺ എസി ജൻറം ബസ്കളുടെ മിനിമം നിരക്ക് 13 രൂപയിൽ നിന്ന് 10 രൂപയായി കുറയും. 2.5 കിലോമീറ്ററാണ് മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം. ജൻറം എ സി ബസുകളുടെ മിനിമം നിരക്ക് 26 രൂപയായി നിലനിർത്തി. അതേ സമയം കിലോമീറ്റർ നിരക്ക് 1.87 രൂപയിൽ നിന്ന് 1.75 രൂപയായി കുറഞ്ഞിട്ടുണ്ട്. എ സി ലോഫ്ലോറിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററാണ്.

[bot1]