വടകരയില്‍ ബസിന് പിന്നില്‍ ബസിടിച്ച് അപകടം; പതിനൊന്നോളം പേര്‍ക്ക് പരിക്ക്


വടകര: വടകരയില്‍ ബസിന് പിന്നില്‍ ബസിടിച്ച് പതിനൊന്നോളം പേര്‍ക്ക് പരിക്ക്. ജെടി റോഡില്‍ ബുധനാഴ്ച്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഒരു ബസ് മറ്റൊരു ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു.

വടകര തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അയനം എന്ന ബസും വടകര തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൗഹൃദ എന്ന ബസുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്‌. അപകട സമയത്ത് കട തുറക്കാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.

പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബസ്സുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പോലീസ് സംഭവസ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.