കുറഞ്ഞ കറണ്ട് മാത്രം ആവശ്യംവരുന്ന ബ്രഷ് ലെസ്സ് ഡയറക്ട് കറണ്ട് ഫാന്‍ അസംബ്ലിംഗില്‍ കൊയിലാണ്ടിയില്‍ പരിശീലനം; പങ്കെടുത്തവര്‍ക്ക് സൗജന്യമായി ബിഎല്‍ഡിസി ഫാന്‍ കിറ്റും
കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജവകുപ്പിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരള (ഇഎംസി കേരള), കേന്ദ്രസര്‍ക്കാരിന്റെ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബി.ഇ.ഇ), സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം, ദര്‍ശനം ഗ്രന്ഥാലയം എന്നിവയുടെ പിന്തുണയോടെ ബ്രഷ് ലെസ്സ് ഡയറക്ട് കറണ്ട് (ബിഎല്‍ഡിസി) ഫാന്‍ അസംബ്ലിംഗ് പരിശീലനം സംഘടിപ്പിച്ചു.
കൊയിലാണ്ടി ഗവ. ഐ.ടി.ഐ യുടെ പ്രാദേശിക പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പന്തലായിനി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്രഷ് ലെസ്സ് ഡയറക്ട് കറണ്ട് ഫാന്‍ അസംബ്ലിങ്ങില്‍ കോഴിക്കോട് ഗവ. ഐ.ടി ഐ യിലെ ടി. പി. മുഹമ്മദ് ഹാരിസ് പരിശീലനം നല്കി.
ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ പി. പ്രമോദ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിശീലനത്തില്‍ ബിഎല്‍ഡിസി ഫാന്‍ കിറ്റ് കൈമാറി. എനര്‍ജി മാനേജ്‌മെന്റ സെന്റര്‍ കേരള, ബി.ഇ.ഇ എന്നിവയുടെ സാമ്പത്തിക പിന്തുണയോടെ സൗജന്യമായാണ് ഫാന്‍ കിറ്റുകള്‍ വിതരണം ചെയ്തതെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.എ. ജോണ്‍സണ്‍ അറിയിച്ചു.
സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജില്ലാ കോര്‍ഡിനേറ്ററും കോഴിക്കോട് ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറിയുമായ എം.എ. ജോണ്‍സണ്‍, പന്തലായിനി ബ്‌ളോക്ക് പഞ്ചായത്ത് അംഗം എം.പി. മൊയ്തീന്‍ കോയ, കുറ്റ്യാടി തപസ്യ ഗ്രന്ഥാലയത്തിലെ കെ.പി ചന്ദ്രന്‍, നടേരി ഗ്രാമീണ ബന്ധു വായനശാല പ്രതിനിധി ഇ. ഷാജു, ദര്‍ശനം ഗ്രന്ഥശാല നിര്‍വ്വാഹക സമിതി അംഗം എം.കെ. സജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും പരിശീലനത്തിനും ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പിന്തുണയോടെ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലേയും തെരഞ്ഞെടുത്ത ഗ്രന്ഥശാല പ്രവര്‍ത്തകരായ 450 പേര്‍ക്ക് പരിശിലനം നല്കി. കൊയിലാണ്ടി ഐ.ടി.ഐ യില്‍ നടന്ന പരിശീലനത്തോടെ കോഴിക്കോട് ജില്ലയിലെ പരിപാടികള്‍ക്ക് സമാപനമായി.