വയലിൻ തന്ത്രികളിൽ അഭിറാം തൊട്ടുവിളിച്ചു, കൂടെപ്പോന്നത് ഒന്നാം സ്ഥാനം; ജില്ലാ കലോത്സവത്തിൽ കടത്തനാട് രാജാ സ്കൂളിന്റെ മിന്നും പ്രകടനം



വടകര:
വയലിനിൽ വിസ്മയം തീർത്ത് വിജയം നേടിയിരിക്കുകയാണ് അഭിരാം രാമചന്ദ്രൻ എന്ന മിടുക്കൻ. കോഴിക്കോട് ജില്ലാ റെവന്യൂ കലോൽസവ വേദിയിൽ ഈസ്റ്റേൺ വയലിനിൽ മിന്നും പ്രകടനം കാഴ്ച വെച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഭിറാം പുറമേരി ചോമ്പാല ഉപജില്ലയിലെ കടത്തനാട് രാജാസ് എച്ച്എസ്എസ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഇന്ന് ഉച്ചക്ക് പന്ത്രണ്ടേകാലോടെ ആരംഭിച്ച വയലിൽ മത്സരത്തിൽ ആകെ എട്ട് വിദ്യാർത്ഥികളാണ് പങ്കെടുത്തത്. അതിൽ നിന്നാണ് അഭിറാം ഒന്നാമനായി തിരഞ്ഞെടുക്കപ്പെട്ടത്. ഉച്ചക്ക് രണ്ട് മണിയോടെ റിസൾട്ട് അറിഞ്ഞത്. ജയിച്ച വിവരം അറിഞ്ഞപ്പോൾ ഒരു പാട് സന്തോഷം തോന്നിയെന്ന് അഭിറാം വടകര ഡോട്ട് ന്യൂസിനോട് വ്യക്തമാക്കി. ഗ്രൂപ്പ് വിഭാഗം ബൃന്ദവാദ്യം, ദേശഭക്തിഗാനം, ലളിതഗാളം എന്നിവയിലാണ് വരും ദിവസങ്ങളിൽ അഭിറാമിന് മത്സരിക്കാനുള്ളത്.

സംഗീതവുമായി വളരെ അടുപ്പം കാത്തുസൂക്ഷിക്കുന്ന ഒരു കുടുംബത്തിൽ നിന്നാണ് അഭിറാം എന്ന കൊച്ചു കലാകാരൻ  വരുന്നത്. അച്ഛന്റെ അച്ഛൻ പി.ആർ.ശങ്കരൻ നമ്പൂതിരി പ്രശസ്തനായ അഷ്ടപതി ഗായകനായിരുന്നു. സംഗീതാധ്യാപകരായി റിട്ടയേർഡ് ആയ അച്ഛൻ രാമചന്ദ്രന്റെയും അമ്മ മഞ്ജുളയുടെയും ശിക്ഷണത്തിൽ ചെറുപ്പം തൊട്ടേ സംഗീതം പഠിക്കുന്ന അഭിറാം അഞ്ചാം ക്ലാസ് മുതലാണ് പങ്കജാക്ഷൻ എന്ന ഗുരുവിന് കീഴിൽ വയലിൽ അഭ്യസിക്കാൻ തുടങ്ങിയത്. ഇപ്പോൾ സി.എച്ച്.ലളിത, തിരുവിഴ ജി ഉല്ലാസ് എന്നീ ഗുരുക്കൻമാർക്ക് കീഴിലായി പഠനം തുടരുകയാണ്. ഈസ്റ്റേണിൽ മാത്രമാണ് അഭിറാം ശ്രദ്ധ കേന്ദീകരിച്ചിട്ടുള്ളത്. അഭിറാമിന്റെ സഹോദരൻ കെമിസ്ട്രി അധ്യാപകനായ മനു ശങ്കർ ഒരു മൃദംഗ കലാകാരൻ കൂടിയാണ്. ഇനിയുള്ള ദിവസങ്ങളിൽ നടക്കാനിരിക്കുന്ന മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് അഭിറാം.