‘എന്റെ നിക്കാഹിൽ പങ്കെടുക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു, മാറ്റത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന് കാരണം കുടുംബത്തിന്റെ പിന്തുണ’; പാലേരിയിലെ ചരിത്ര നിക്കാഹിലെ വധു ബഹ്ജ ദലീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: ‘എന്റെ നിക്കാഹില്‍ പങ്കെടുക്കുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു അതിന് കുടുംബത്തിന്റെ ഭാഗത്തുനിന്നു കൂടെ പിന്‍തുണ കിട്ടിയതോടെ വലിയൊരു മാറ്റത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞു.വളരെ സന്തോഷം തോന്നുന്നു.’ സ്വന്തം നിക്കാഹിന് സാക്ഷ്യം വഹിച്ച വധുവായ ബഹ്ജ ദലീലയുടെ വാക്കുകളാണിത്.
കുട്ടിക്കാലം മുതല്‍ വരനും വധുവിന്റെ ഉപ്പയും ബന്ധുക്കളും ചേര്‍ന്ന് നടത്തുന്ന ഒരു ചടങ്ങ് മാത്രമായാണ് നിക്കാഹിനെ കണ്ടിരുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്ഥമായൊരു നിക്കാഹായി തന്റെ നിക്കാഹ് മാറിയതില്‍ അഭിമാനം തോന്നുന്നതായും ബഹ്ജ ദലീല കൊയിലാണ്ടി ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു.
മാറ്റങ്ങള്‍ക്ക് നാന്നികുറിച്ചുകൊണ്ടാണ് ഇന്ന് പാലേരി പാറക്കടവ് ജുമാമസ്ജിദില്‍ ബഹ്ജ ദലീല- ഫഹദ് ഖാസിം എന്നിവരുടെ നിക്കാഹ് നടന്നത്. ചടങ്ങിന് സാക്ഷിയായി വധുകൂടി പള്ളിയിലെത്തുകയും മഹര്‍ ചടങ്ങില്‍വെച്ച് വധു ഏറ്റുവാങ്ങുകയും ചെയ്തു. കുറ്റ്യാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകളാണ് ബഹ്ജ ദലീല. വരന്‍ വടക്കുമ്പാട് ചെറുവക്കര ഖാസിന്റെ മകന്‍ ഫഹദ് ഖാസിമാണ്.
മകള്‍ ഇത്തരമൊരു ആഗ്രഹം പറഞ്ഞതുകൊണ്ടാണ് നിക്കാഹിന് അവളെക്കൂടി പങ്കെടുപ്പിച്ചതെന്ന് ബഹ്ജയുടെ ഉപ്പ ഉമ്മര്‍ പറഞ്ഞു. നിക്കാഹിന് എനിക്കും പങ്കെടുക്കണമെന്ന് അവള്‍ പറയുമായിരുന്നു. ശനിയാഴ്ച നിക്കാഹ് ചടങ്ങുകള്‍ക്കായി പാലേരി പാറക്കടവ് ജുമാമസ്ജിദിലെത്തിയപ്പോള്‍ ഖാസിയോട് ഇക്കാര്യം സൂചിപ്പിച്ചു. തനിക്ക് എതിര്‍പ്പില്ലെന്ന് അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് മഹല്ല് ജാമഅത്ത് ജനറല്‍സെക്രട്ടറിയോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹവും അനുവാദം തന്നു. ഇതനുസരിച്ചാണ് മകളെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പുരോഗമനപരമായ സമീപനങ്ങള്‍ക്ക് പാകപ്പെട്ട മനസാണ് അവിടുള്ളവരുടേത്. അതിനൊരു തുടക്കം കുറിക്കുക മാത്രമാണ് മകള്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.