ധീരജവാന് ജന്മനാടിന്റെ വിട; ജാര്‍ഖണ്ഡില്‍ കുഴഞ്ഞുവീണ് മരിച്ച അരിക്കുളം സ്വദേശിയായ സി.ആര്‍.പി.എഫ് ജവാന്‍ സുധില്‍ പ്രസാദിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു
അരിക്കുളം: ജാര്‍ഖണ്ഡില്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ച അരിക്കുളം സ്വദേശിയായ സി.ആര്‍.പി.എഫ് ജവാന്‍ സുധില്‍ പ്രസാദിന്റെ മൃതദേഹം സംസ്‌കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ കാരയാട്ടെ വീട്ടുവളപ്പിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. വൈകീട്ട് ആറയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മഴയെ അവഗണിച്ചും നിരവധി പേരാണ് സുധിലിനെ അവസാനമായി ഒരു നോക്കു കാണാനായി വീട്ടിലെത്തിയത്.
കഴിഞ്ഞ തവണ വീട്ടില്‍ നിന്ന് പോകുമ്പോള്‍ അടുത്ത അവധിക്ക് കാണാമെന്ന് പറഞ്ഞു ചിരിച്ച മുഖത്തോടെയാണ് എല്ലാവരോടും യാത്ര പറഞ്ഞ് സുധീല്‍ പോയത്. എന്നാല്‍ മകനെ ഇങ്ങനെ ഒരവസ്ഥയിലാണ് കാണേണ്ടിവരികയെന്ന് മാതാപിതാക്കളോ ഭാര്യയോ കരുതിയിരുന്നില്ല.
വീട്ടിലെത്തിച്ച സുധീലിന്റെ മൃതദേഹം ചേര്‍ത്തുപിടിച്ചുള്ള ഉറ്റവരുടെ കരച്ചില്‍ ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ഇവരെ എങ്ങനെ ആശ്വിപ്പിക്കണമെന്നറിയാതെ നീറുകയായിരുന്നു മറ്റുള്ളവര്‍.
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി സുധീല്‍ സി.ആര്‍.പി.എഫ് സര്‍വീസിലുണ്ട്. ഇന്നലെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വിമാനമാര്‍ഗം മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചത്. തുടര്‍ന്ന് റോഡ് മാര്‍ഗം വീട്ടിലെത്തിക്കുകയായിരുന്നു. കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഉള്യേരിയില്‍ നിന്നും ഇരുചക്ര വാഹന അകമ്പടിയോടുകൂടി മൃതദേഹം കാരയാട്ടുള്ള വീട്ടിലെത്തിച്ചത്. പൊതുദര്‍ശനത്തിന് ശേഷം കണ്ണൂരില്‍ നിന്നുള്ള സിആര്‍പിഎഫ് ജവാന്‍മാര്‍ ഗാഡ് ഓഫ് ഓണര്‍ നല്‍കിയ ശേഷം മൃതദേഹം സംസ്‌കരിച്ചു.
സുരേന്ദ്രനും ഉഷയുമാണ് സുധില്‍ പ്രസാദിന്റെ മാതാപിതാക്കള്‍. അതുല്യയാണ് ഭാര്യ. സഹോദരന്‍: സായൂജ് (ഇന്ത്യന്‍ ആര്‍മി).