ഇന്‍ഷുറന്‍സ് തുക തട്ടാന്‍ സ്വന്തം കാര്‍ കത്തിച്ചു, തിരുവള്ളൂരില്‍ ബി.ജെ.പി ജില്ലാ സെക്രട്ടറി അറസ്റ്റില്‍; കുടുക്കിയത് സി.സി.ടി.വി (വീഡിയോ കാണാം)


 

 

 

 

 

 

ചെന്നൈ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം കാർ കത്തിച്ച ബിജെപി നേതാവ് തമിഴ്നാട്ടിൽ അറസ്റ്റിൽ. ബിജെപി തിരുവള്ളൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാറാണ് സ്വന്തം കാർ കത്തിച്ചതിന് ശേഷം പൊലീസിൽ പരാതി നൽകിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കത്തിച്ചത് ഇയാൾ തന്നെ എന്ന് തെളിയുകയായിരുന്നു. വീടിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന കാർ ആരോ കത്തിച്ചുവെന്നാണ് ബിജെപി തിരുവള്ളൂർ വെസ്റ്റ് ജില്ലാസെക്രട്ടറി സതീഷ് കുമാർ പൊലീസിന് നൽകിയ പരാതി. രാഷ്ട്രീയമായ സഹതാപം ഉണ്ടാക്കുക, ഇൻഷുറൻസ് തുക തട്ടിയെടുക്കുക എന്നിവയായിരുന്നു വ്യാജ പരാതിയുടെ ലക്ഷ്യം.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലായിരുന്നു കാര്‍ കത്തിച്ചത്. ചെന്നൈ മധുരവായല്‍ കൃഷ്ണാനഗറിലെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിക്കുകയും എന്നാല്‍ മറ്റാരോ കത്തിക്കുകയായിരുന്നെന്ന് കാണിച്ച് പരാതി നല്‍കുകയുമായിരുന്നു. പിന്നീട് പോലിസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.

വെള്ള ഷര്‍ട്ടണിഞ്ഞയാള്‍ എത്തി വാഹനം പരിശോധിക്കുന്നതായി സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്.  പിന്നീട് കറുത്ത വസ്ത്രം ധരിച്ച ഒരാൾ കാറിലേക്ക് എന്തോ ഇന്ധനം ഒഴിച്ച ശേഷം കത്തിക്കുന്നതും തുടർന്ന് തീയാളികാർ കത്തി നശിക്കുന്നതുമാണ് ദൃശ്യങ്ങളിൽ. കറുത്ത ഷർട്ട് ധരിച്ച ആളുമായി സതീഷിന് രൂപത്തിലും ശരീരഭാഷയിലുമുള്ള സാമ്യം തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു.

ഒടുവിൽ താൻതന്നെയാണ് പെട്രോൾ ഒഴിച്ച് കാർ കത്തിച്ചതെന്ന് സതീഷ് കുമാറ്‍ സമ്മതിക്കുകയായിരുന്നു. സ്വർണം വാങ്ങാൻ ഭാര്യ നിർബന്ധിച്ചുവെന്നും അതിനുള്ള പണം തികയാതിരുന്നതിനാലാണ് കാർകത്തിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഇൻഷുറൻസ് തുക തട്ടിയെടുത്ത് ഭാര്യയ്ക്ക് സ്വർണം വാങ്ങിനൽകാനായിരുന്നു പദ്ധതി. തുടർന്ന് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ സ്വന്തം കാർ കത്തിയതിൽ തനിക്ക് പരാതിയില്ലെന്ന് എഴുതി നൽകിയതോടെ ഇയാളെ വിട്ടയച്ചു.

വീഡിയോ കാണാം: