കോഴിക്കോടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് അധിക വ്യാപന ശേഷിയുള്ള എച്ച് 5 എൻ 1


Advertisement

കോഴിക്കോട്: കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സർക്കാർ പ്രാദേശിക കോഴിവളർത്തു കേന്ദ്രത്തിൽ കോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കേന്ദ്ര കര്‍മ്മ പദ്ധതി അനുസരിച്ചുള്ള പ്രതിരോധ നടപടികള്‍ അടിയന്തരമായി കൈകൊള്ളുവാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജില്ലാ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയച്ച സാമ്പിളുകളിലാണ് രോ​ഗം സ്ഥിരീകരിച്ചത്. അധിക വ്യാപന ശേഷിയുള്ള എച്ച് 5 എൻ 1 വകഭേദം ആണ് സ്ഥിരീകരിച്ചത്. നിലവിൽ 1800 കോഴികൾ മരണപ്പെട്ടിട്ടുണ്ട്. മൊത്തം 5000 ല്‍ പരം കോഴികളാണ് ഫാമില്‍ ഉള്ളത്.

Advertisement

ചാത്തമംഗലം പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിൽ ജനുവരി 6 മുതൽ പാരന്റ് സ്റ്റോക്ക് കോഴികളിൽ ചെറിയ രീതിയിൽ മരണ നിരക്ക് ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് മരണപ്പെട്ട കോഴികളെ വയനാട് പൂക്കോട് വെറ്ററിനറി കോളേജിലും കോഴിക്കോട് ക്ലിനിക്കൽ ലാബിലും പരിശോധനയ്ക്ക് അയയ്ക്കുകയും ന്യൂമോണിയയുടെ ലക്ഷണം കാണപ്പെട്ടതിനെ തുടർന്ന് അന്ന് തന്നെ മരുന്നുകൾ നൽകുകയും ചെയ്തു. എന്നാൽ അടുത്ത ദിവസവും മരണനിരക്ക് അധികരിച്ചു. ഇതേ തുടർന്ന് കണ്ണൂർ ആർ ഡി ഡി എൽ തിരുവല്ല എ ഡി ഡി എൽ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു അധിക പരിശോധനകൾ നടത്തി.

Advertisement

പ്രാഥമിക ടെസ്റ്റുകളിൽ പക്ഷിപ്പനിയുടെ സംശയം തോന്നിയതിനാൽ കൃത്യമായ രോഗ നിർണ്ണയം നടത്തുന്നതിന് സാമ്പിളുകൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് വിമാനമാർഗം അയക്കുകയായിരുന്നു. ഇന്നാണ് രോഗം പക്ഷിപ്പനി ആണ് എന്ന് സ്ഥിരീകരിച്ചു റിപ്പോർട്ട് ലഭിച്ചത്..

കോഴിക്കോട് ജില്ലാപഞ്ചായത്ത്, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസ്, എ ഡി ജി പി വിഭാഗം ജില്ലാ ആരോഗ്യ വിഭാഗം എന്നിവ വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. തുടർ നടപടികൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഉള്‍പ്പടെയുള്ള ഇതര വകുപ്പുകളുടെ സഹകരണത്തോടെ പ്രോട്ടോകോൾ അനുസരിച്ചു ചെയ്യും.

Advertisement

Summary: Confirmed Bird flu in kozhikode –H5N1