ബൈക്ക് യാത്രികനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി; റോഡരികില്‍ രക്തം വാര്‍ന്നുകിടന്നു, നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വൈകി; കണ്ണൂരില്‍ യുവാവിന് ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂരില്‍ കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ മരണപ്പെട്ടു. കണ്ണൂര്‍ വിളക്കോട് സ്വദേശി റിയാസ് (38) ആണ് മരിച്ചത്.
ശിവപുരം കൊളാരിയില്‍ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് റിയാസിനെ കാര്‍ ഇടിച്ചിട്ടത്. റിയാസിനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. റോഡരികില്‍ തെറിച്ചുവീണ റിയാസ് അരമണിക്കൂറോളം അവിടെ കിടന്നു. പിന്നീട് നാട്ടുകാരെത്തി റിയാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാര്‍ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടം നടന്ന സ്ഥലത്തുനിന്നും കിലോമീറ്ററുകള്‍ അകലെ വീട്ടുമുറ്റത്ത് നിന്നാണ് മാലൂര്‍ പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്. സ്വന്തം വീടിന്റെ നിര്‍മ്മാമം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തുനിന്നും ശിവപുരത്തെ ഭാര്യവീട്ടിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു റിയാസ്. എതിരെനിന്നും വന്ന കാര്‍ റിയാസിനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോകുകയായിരുന്നു.
രക്തത്തില്‍ കുളിച്ചുകിടന്നിരുന്ന റിയാസിനെ നാട്ടുകാര്‍ ആംബുലന്‍സില്‍ ഉരുവച്ചാലിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരതരമായതിനാല്‍ ചാലയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. നാട്ടുകാര്‍ കാര്‍ കണ്ടെത്താന്‍ തിരച്ചിലില്‍ കോളാരിയിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
Summary: accident in kannur. Bike rider dies in road accident