കൊടുവളളിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു,ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു


കോഴിക്കോട്: കൊടുവളളിയില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാക്കള്‍ മരിച്ചു. സൗത്ത് കൊടുവളളിയില്‍ ഇന്ന് പുലര്‍ച്ചെ 4.45 ഓടെയാണ് സംഭവം. ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു. മരിച്ച രണ്ട് യുവാക്കള്‍ക്കും പൊളളലേറ്റിട്ടുണ്ട്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ ബൈക്ക് പൂര്‍ണ്ണമായും കത്തുന്നതാണ് കണ്ടതെന്നും അപ്പോള്‍ തന്നെ കെ.എസ്.ഇ ബിയിലും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിച്ചുവെന്നും ദൃക്‌സാക്ഷി പറയുന്നു.

യുവാക്കള്‍ക്ക് പൊളളലേറ്റതിനാല്‍ മുഖം വ്യക്തമായിരുന്നില്ല. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഒരാള്‍ മരിച്ചിരുന്നുവെന്നും ഒരാള്‍ക്ക് ജീവനുണ്ടായിരുന്നുവെന്നും പറയുന്നു. സംഭവസ്ഥലത്ത് പോലീസും ഫയര്‍ഫോഴ്‌സും സമീപവാസികളും ചേര്‍ന്നാണ് തീ അണച്ചത്.

യുവാക്കള്‍ കോഴിക്കോട് സ്വദേശികളാണെന്ന് സൂചനയുണ്ട്. പ്രദേശത്തെ സി,സിടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. നിലവില്‍ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.