തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന കോമത്തുകര സ്വദേശിയായ ഇരുപത്തിനാലുകാരന്‍ മരിച്ചു


കൊയിലാണ്ടി: തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോമത്തുകര കളത്തിൽ താഴെ വൈശാഖ് (അപ്പു) ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ മേലൂര്‍ കോമത്തുകര റോഡില്‍ വച്ചായിരുന്നു അപകടം. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വൈശാഖ് സഞ്ചരിച്ചിരുന്ന ബൈക്ക് മറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വൈശാഖിനെ ആദ്യം കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലായിരുന്ന വൈശാഖ് ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഷാജിയുടെയും ലതയുടെയും മകനാണ് വൈശാഖ്. സഹോദരി ഐശ്വര്യ. ലൈറ്റ് ആന്റ് സൗണ്ട് ജോലി ചെയ്ത് വരികയായിരുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.