പേരാമ്പ്രയില്‍ കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു; മരിച്ചത് കീഴ്പ്പയ്യൂര്‍ സ്വദേശി



പേരാമ്പ്ര:
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കീഴ്പ്പയ്യൂര്‍ സ്വദേശി മരിച്ചു. ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ കീഴ്പ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദാണ് മരിച്ചത്. 22 വയസ്സാണ്.

പേരാമ്പ്രയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ വരികയായിരുന്ന നിവേദിനെയും കാല്‍നടക്കാരനായ എരവട്ടൂരിലെ പാറപ്പുറം ചെല്ലച്ചേരി മൊയ്തിയേയും ചെറുവണ്ണൂര്‍ ഭാഗത്തു നിന്നും പേരാമ്പ്രക്ക് വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ കാര്‍ നിര്‍ത്താതെ പോയി.

ഓടിയെത്തിയ പരിസരവാസികളും യാത്രക്കാരും ചേര്‍ന്നാണ് രണ്ടു പേരെയും പേരാമ്പ്രയിലെ ഇ.എം.എസ് സഹകരണ ആശുപത്രിയിലും, പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. മെയ് 21ന് രാത്രി 9 മണിയോടെയാണ് എരവട്ടൂര്‍ ചേനായി റോഡിന് സമീപം അപകടമുണ്ടായത്.

വെള്ള/സില്‍വര്‍ കളര്‍ മാരുതി 800 കാറാണ് ഇരുവരെയും ഇടിച്ച് തെറിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രാത്രി 9 മണിക്കും 9.20നും ഇടയില്‍ ചെറുവണ്ണൂര്‍ ഭാഗത്ത് നിന്ന് പേരാമ്പ്ര ഭാഗത്തേക്ക് സഞ്ചരിച്ച വാഹനമാണ് ഇത്.

ഒതയോത്ത് ഗംഗാധരന്റെയും ഷീബയുടേയും മകനാണ് നിവേദ്. സഹോദരി: ഹര്‍ഷ നന്ദ. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍.