റോഡിലെ കുഴി കാരണം ബൈക്കില്‍ നിന്ന് തെറിച്ചുവീണു, പിറകെ വന്ന ലോറികയറി ബംഗളുരുവില്‍ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് സ്വദേശി ബംഗളുരുവില്‍ ലോറി കയറി മരിച്ചു. ബാറ്റ പീനിയ യൂനിറ്റിലെ ഡിപ്പോ അസിസ്റ്റന്റും കോഴിക്കോട് വെള്ളിപറമ്പ് കുറ്റിക്കാട്ടൂര്‍ കുയ്യലില്‍ പുരുഷോത്തമന്‍ നായരുടെ മകനുമായ എം.ടി. ഷിജു (46) ആണ് മരിച്ചത്.
നഗരത്തില്‍ പീനിയയിലെ റോഡില്‍ കുഴിയില്‍ ബൈക്ക് വീണ് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ച ഷിജുവിനുമേല്‍ പിറകെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. ബൈക്കില്‍ കൂടെയുണ്ടായിരുന്ന ഡിപ്പോ മാനേജര്‍ കോഴിക്കോട് സ്വദേശി പ്രശാന്ത് നായര്‍ക്ക് (39) പരിക്കേറ്റു. ഇയാള്‍ ബംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
തിങ്കളാഴ്ച രാത്രി പത്തോടെ പീനിയ എന്‍.ടി.ടി.എഫ് സര്‍ക്കിളിലായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന ഷിജു അപകടസ്ഥലത്തുതന്നെ മരിച്ചു. രാത്രിഭക്ഷണം കഴിച്ചശേഷം ഇരുവരും വീണ്ടും ഓഫീസിലേക്ക് പോകവെയായിരുന്നു അപകടം.
ഷിജുവിന്റെ കുടുംബം നാട്ടിലാണ്. ഭാര്യ: ഷൈനി. മകള്‍: നിലീന. മൃതദേഹം സപ്തഗിരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.