ഹാര്‍ബറിലെ പോര്‍ട്ടര്‍ ജോലി മറയാക്കി മയക്കുമരുന്ന് വിൽപ്പന; എം.ഡി.എം.എയുമായി ബേപ്പൂർ സ്വദേശി പിടിയിൽ
കോഴിക്കോട്: നഗരത്തില്‍ വില്‍പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ബേപ്പൂര്‍ തമ്പി റോഡ് ചാമ്പയില്‍ വീട്ടില്‍ മുജീബ് റഹ്‌മാ(40)നാണ് പിടിയിലായത്. മിംസ് ആശുപത്രി പാര്‍ക്കിങ്ങിന് സമീപം വില്‍പനയ്ക്കായി കൈവശം സൂക്ഷിച്ച 12 ഗ്രാം എം.ഡി.എം.എയുമായാണ് ഇയാളെ പിടികൂടിയത്. പിടികൂടിയ എം.ഡി.എം.എയ്ക്ക് വിപണിയില്‍ 50,000 രൂപ വില വരും. ഇയാള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും ബെംഗളൂരുവില്‍നിന്നാണ് മയക്കുമരുന്ന് നാട്ടിലെത്തിച്ചതെന്നും പോലീസ് അറിയിച്ചു.
ബേപ്പൂര്‍ ഹാര്‍ബറില്‍ പോര്‍ട്ടര്‍ ജോലി മറയാക്കി, മുജീബ് ബേപ്പൂരും മാങ്കാവും കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം ചെയ്യുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഡി.ഐ.ജി. എ.അക്ബറിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇയാളുടെ മാങ്കാവിലുള്ള വീടിന്റെ പരിസര പ്രദേശങ്ങളില്‍ ലഹരി മാഫിയയ്‌ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ വൈകുന്നേരവും രാത്രികാലങ്ങളിലും നിരവധി യുവതീയുവാക്കളും കുട്ടികളും കാറിലും ബൈക്കിലുമായി ഇവിടെ എത്താറുണ്ടെന്ന് നാട്ടുകര്‍ പറഞ്ഞു.
കോഴിക്കോട് ആന്റി നര്‍കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡാന്‍സാഫ്) മെഡിക്കല്‍ കോളേജ് സബ് ഇന്‍സ്‌പെക്ടര്‍ എം.വിനീത് കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
Summary: Beypur native arrested with MDMA