മരണത്തിനിപ്പുറവും ആ നെഞ്ചുകള്‍ തുടിക്കും, കണ്ണുകള്‍ കാഴ്ചയേകും; ഹൃദയവും കരളും കണ്ണുകളും വിട്ടുനല്‍കി ചെറുവണ്ണൂരിലെ ബിലീഷ് യാത്രയായി


പേരാമ്പ്ര: നാട്ടില്‍ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന വ്യക്തിത്വമായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച ചെറുവണ്ണൂര്‍ പന്നിമുക്ക് സ്വദേശി തട്ടാന്റവിട ബിലീഷ്. മരണത്തിലൂടെയും അദ്ദേഹം ജീവിക്കുകയാണ്, തന്റെ ഹൃദയവും കരളും കണ്ണുകളും ലഭിച്ച വ്യക്തികളിലൂടെ.

മാര്‍ച്ച് 11നാണ് രക്തസമ്മര്‍ദ്ദം കൂടിയ നിലയില്‍ നാല്‍പ്പത്തിയേഴുകാരനായ ബിലീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വീണ്ടും സംസാരിച്ചു തുടങ്ങുകയും ജീവിതത്തിലേക്ക് തിരികെവരുന്നുവെന്ന തോന്നലുണ്ടാക്കുകയും ചെയ്‌തെങ്കിലും പെട്ടെന്ന് ആരോഗ്യാവസ്ഥ വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. പിന്നീട് കോഴിക്കോട് തന്നെയുള്ള സ്വകാര്യ ആശുപത്രിയിലായി ചികിത്സ. ഇതിനിടെയാണ് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ബിലീഷിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു.

ശനിയാഴ്ചയായിരുന്നു അവയവദാന ശസ്ത്രക്രിയ. ഇതിനുശേഷം വൈകുന്നേരത്തോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഞായറാഴ്ച രാവിലെ പത്തുമണിയ്ക്കായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.[id3]

യൂത്ത് കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു ബിലീഷ്. നാട്ടിലെ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ നിറഞ്ഞുനിന്ന് വ്യക്തിത്വം. പന്നിമുക്കില്‍നടന്ന സര്‍വ്വകക്ഷി അനുശോചന യോഗത്തില്‍ കെ.ഷിഗില്‍ അധ്യക്ഷനായി. ഇ.കെ.സമീര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.ടി.ഷൈജ, എ.ബാലകൃഷ്ണന്‍, ആര്‍.പി.ശോഭിഷ്, എം.പി.കുഞ്ഞികൃഷ്ണന്‍, അശോകന്‍, കെ.രാജന്‍, മനോജ്, സി.കെ.വിനോദ്, പട്ടയാട്ട് അബ്ദുള്ള, കുഞ്ഞിരാമന്‍, ഒ.പി.കുഞ്ഞബ്ദുള്ള, വി.ദാമോദരന്‍, നിസര്‍ പലോളി, അബ്ദുള്ള കുറിഞ്ഞേരി, പ്രദീപന്‍, വിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.