ഗ്രാമീണ തൊഴിലുറപ്പില്‍ മികച്ച പ്രകടനം; മേപ്പയൂര്‍, കീഴരിയൂര്‍ തിക്കോടി തുറയൂര്‍ പഞ്ചായത്തുകളെ ആദരിച്ചു


കൊയിലാണ്ടി: 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച പഞ്ചായത്തുകളെ ആദരിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന മേപ്പയൂര്‍, കീഴരിയൂര്‍ തിക്കോടി തുറയൂര്‍ എന്നീ പഞ്ചായത്തുകളെയാണ് ആദരിച്ചത്.

മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ചു നടത്തിയ ചടങ്ങില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസന്ന. പി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനവും ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജോബി സാലസ് സ്വാഗതവും പറഞ്ഞു.

ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എം രവീന്ദ്രന്‍, ലീന പുതിയോട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി ബാലന്‍ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് ശോഭ എന്‍.പി. കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ടീച്ചര്‍, തുറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരീഷ്, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് എന്നിവര്‍ ചടങ്ങില്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അഷീദ നടുക്കാട്ടില്‍, രമ്യ എ.പി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബ്ലോക്ക് ജോയിന്റ് ബി ഡി.ഒ ശിവകുമാര്‍ നന്ദിയും പറഞ്ഞു.