ബീച്ച് സൗന്ദര്യവൽക്കരണത്തിനൊപ്പം ഓപ്പൺ സ്റ്റേജ്, ആധുനിക സൗണ്ട് സിസ്റ്റം, കൺവെൻഷൻ സെന്റർ എന്നിവയും; മുഖച്ഛായ മാറ്റി ടൂറിസം ഭൂപടത്തിൽ സ്ഥാനമുറപ്പിക്കാനൊരുങ്ങി തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ച്


തിക്കോടി: ടൂറിസം ഭൂപടത്തിലെ സ്ഥാനം കൂടുതല്‍ മികച്ചതാക്കാനുള്ള ഒരുക്കത്തിലാണ് തിക്കോടി ഡ്രൈവ് ഇന്‍ ബീച്ച്. ബീച്ചിന്റെ സൗന്ദര്യ വല്‍ക്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാനും നടപടിയായി. രണ്ട് കോടിയിലധികം രൂപ ചിലവഴിച്ചാണ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണം.

പദ്ധതിക്കായി എം.എല്‍.എ. ഫണ്ടും ഉപയോഗപ്പെടുത്തുമെന്ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല പറഞ്ഞു. തീരദേശവികസന കോര്‍പ്പറേഷനാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കു. ഓഡിറ്റോറിയം, ഓപ്പണ്‍സ്റ്റേജ്, ആധുനിക സൗണ്ട് സിസ്റ്റം, പ്രത്യേക പാര്‍ക്കിങ് സൗകര്യം തുടങ്ങിയ സൗകര്യങ്ങള്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടാകും.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തിക്കോടി പഞ്ചായത്തില്‍ നിരവധി വികസന പദ്ധതികള്‍ക്കും കണ്‍വെന്‍ഷന്‍ സെന്റര്‍ വഴിവെക്കും. കണ്‍വെന്‍ഷന്‍ സെന്ററില്‍ യോഗങ്ങളും മറ്റ് പരിപാടികളും നടത്തുന്നത് വഴി പഞ്ചായത്തിന് മികച്ചൊരു വരുമാനമാര്‍ഗവും തുറക്കപ്പെടും.

പദ്ധതിയുമായി ബന്ധപ്പെട്ട് എം.എല്‍.എ. വിളിച്ചുചേര്‍ത്ത യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, സ്ഥിരം സമിതി അധ്യക്ഷരായ ആര്‍. വിശ്വന്‍, കെ.പി. ഷക്കീല, വാര്‍ഡ് അംഗം വി.കെ. അബ്ദുള്‍ മജീദ്, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ബിജു കളത്തില്‍, പഞ്ചായത്ത് സെക്രട്ടറി ശങ്കര്‍, രാജീവന്‍, വി. ഹാഷിംകോയ എന്നിവര്‍ പങ്കെടുത്തു.