”കള്ളനെ കണ്ടെത്താന്‍ ഇനിയും വൈകിയാല്‍ ഓട്ടോ തൊഴിലാളികള്‍ പട്ടിണിയാവുന്ന സ്ഥിതിവരും” തിരുവങ്ങൂരില്‍ ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിക്കുന്നത് പതിവാകുന്നു


തിരുവങ്ങൂര്‍: വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷകളില്‍ നിന്നും ബാറ്ററി മോഷ്ടിക്കുന്ന സംഭവം തിരുവങ്ങൂരില്‍ പതിവാകുന്നു. അണ്ടിക്കമ്പനി ഭാഗത്തും വെറ്റിലപ്പാറയിലുമൊക്കെയാണ് മോഷങ്ങള്‍ നടന്നത്. അഞ്ചോളം വാഹനങ്ങളുടെ ബാറ്ററികള്‍ ഇതുവരെ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് തിരുവങ്ങൂര്‍ ഓട്ടോ കോഡിനേഷന്‍ ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഏറ്റവും ഒടുവിലായി വെറ്റിലപ്പാറ കാഞ്ഞിരക്കണ്ടി രവീന്ദ്രന്റെ ഓട്ടോയിലെ ബാറ്ററിയാണഅ മോഷ്ടിക്കപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

അണ്ടിക്കമ്പനി ഭാഗത്ത് നാസറിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്പ് ബാറ്ററി മോഷണം പോയിരുന്നു. കൂടാതെ വെറ്റിലപ്പാറയിലെ അരുണ്‍ വെങ്ങളം പാലത്തിന് സമീപം നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്നും ബാറ്ററി നഷ്ടപ്പെട്ടിരുന്നു.

ചേമഞ്ചേരി പഞ്ചായത്തിലെ മുഴുവന്‍ ഓട്ടോ തൊഴിലാളികള്‍ക്കും ഭീഷണിയാണ് മോഷ്ടാവെന്നും ഓട്ടോ കോര്‍ഡിനേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ആറായിരം രൂപയോളം വരും പുതിയ ബാറ്ററി വാങ്ങാന്‍. നഷ്ടപ്പെട്ട ബാറ്ററികള്‍ക്ക് പകരും പലരും പുതിയത് വാങ്ങിവെക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. പേടിക്കാതെ തൊഴിലെടുത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള സാഹചര്യം ഉണ്ടാവണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

തിരുവങ്ങൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ബാറ്ററി മോഷണം പോയി