ആത്മഹത്യാ ഭീഷണി മുഴക്കി, അക്രമാസക്തനായി കുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു; കഞ്ചാവിന് അടിമയെന്ന് റിപ്പോര്‍ട്ട്- വീഡിയോ



പാലക്കാട്: കുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു ആത്മഹത്യാ ഭീഷണി മുഴക്കി, അക്രമാസക്തനാകുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. കുറച്ചുപേര്‍ ചേര്‍ന്ന് ബാബുവിനെ അനുനയിപ്പിക്കുകയും വെള്ളം കുടിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കഞ്ചാവിന്റെ ലഹരിയിലാണ് ബാബു ഈ അക്രമങ്ങള്‍ കാട്ടിക്കൂട്ടുന്നതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് അലറിക്കൊണ്ടാണ് നിലത്ത് വീണ് ഉരുളുകയും എഴുന്നേറ്റ് പോകാന്‍ ശ്രമിക്കുകയും ചെയ്യുന്ന ബാബുവിനെയാണ് വീഡിയോയില്‍ കാണുന്നത്.


2022 ഫെബ്രുവരി എട്ടിനാണ് ബാബു ചെങ്കുത്തായ ചെറാട് മലയില്‍ കുടുങ്ങിയത്. ബാബുവും സുഹൃത്തുക്കളുമാണ് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങുകയായിരുന്നു. ബാബു തന്നെ അറിയിച്ചത് അനുസരിച്ച് ഉടന്‍ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായി. തുടര്‍ന്ന് സൈന്യവും എന്‍ ഡി ആര്‍ എഫും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ബാബുവിനെ തിരിച്ചിറക്കിയത്.

പര്‍വതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാ സംഘം ബെംഗളൂരുവില്‍നിന്ന് സുലൂര്‍ വഴിയും മറ്റൊരു സൈനികസംഘം ഊട്ടി വെല്ലിങ്ടനില്‍ നിന്നുമാണ് ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ഹേമന്ത് രാജ് ഉള്‍പ്പെടെ 24 പേരടങ്ങുന്ന 2 സംഘങ്ങളാണ് രക്ഷാദൗത്യത്തിനായി മല മുകളിലേക്കു കയറിയത്. ഡ്രോണ്‍ ഉപയോഗിച്ച് ബാബു ഇരുന്നിരുന്ന സ്ഥലം നിരീക്ഷിക്കുകയും ഭക്ഷണം എത്തിക്കാനും ശ്രമിച്ചിരുന്നു.

പൊലീസ്, അഗ്നിരക്ഷാസേന, വനം റവന്യു വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ബാബുവിന്റെ അടുത്ത് എത്താനായിരുന്നില്ല. അന്ന് രാത്രി ഇരുട്ടിയതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി സംഘം മലമുകളില്‍ ക്യാംപ് ചെയ്യുകയായിരുന്നു. പിറ്റേന്ന് രാവിലെ ആറ് മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. രാവിലെ 10 മണിയോടെ തന്നെ ബാബുവിനെ മലയിടുക്കില്‍ നിന്ന് രക്ഷപ്പെടുത്തി മലമുകളിലെത്തിച്ചു.

പിന്നീട് ഹെലികോപ്ടര്‍ മാര്‍ഗമാണ് ബാബുവിനെ താഴെയെത്തിച്ചത്. ഇവിടെ നിന്ന് ആംബുലന്‍സില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. മലമ്പുഴ ചെറാട് കുമ്പാച്ചി മലയ്ക്ക് ആയിരം മീറ്റര്‍ മീറ്റര്‍ ഉയരമുണ്ട്. ചെങ്കുത്തായ മലനിരകളിലൂടെ നടക്കാന്‍ പോലും പ്രയാസമാണെന്നിരിക്കെ മല കയറുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
[bot1]