ഭജനയും പ്രഭാഷണവും സമൂഹ നീരാജനവും; ചേലിയ ആലങ്ങാട്ട് ക്ഷേത്രത്തില്‍ അയ്യപ്പ ഭാഗവത സത്രം ഡിസംബര്‍ 12 മുതല്‍


കൊയിലാണ്ടി: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തില്‍ ചേലിയ ആലങ്ങാട്ട് ക്ഷേത്രത്തില്‍ അയ്യപ്പ ഭാഗവത സത്രം നടത്തുന്നു. ഡിസംബര്‍ 12 മുതല്‍ 17 വരെ ക്ഷേത്ര സന്നിധിയില്‍ അയ്യപ്പ ഭാഗവത സത്രം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പത്തനംതിട്ട താഴൂര്‍ ജയനാണ് സത്രാചാര്യന്‍. 12ന് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് സത്രവേദിയില്‍ പ്രതിഷ്ഠിക്കാനുളള അയ്യപ്പ സ്വാമിയുടെ വിഗ്രഹം ചേലിയ മണലില്‍ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആലങ്ങാട്ട് ക്ഷേത്രത്തിലെത്തിക്കും. ഭാഗവത സത്രം ഉദ്ഘാടനം ചെയ്യുന്ന മുല്ലപ്പളളി കൃഷ്ണന്‍ നമ്പൂതിരി, സത്രാചാര്യന്‍ താഴൂര്‍ ജയന്‍ എന്നിവരെ പൂര്‍ണ്ണ കംഭത്തോടെ വരവേല്‍ക്കും. തുടര്‍ന്ന് പ്രദേശത്തെ ഗുരുസ്വാമിമാരെ ആദരിക്കും.

13ന് വൈകീട്ട് ദേവി ജ്ഞാനാഭനിഷ്ഠയുടെ പ്രഭാഷണം, 14ന് ഭജന്‍സ്, 15ന് മണികണ്ഠ സംഗമം, വിദ്യാമന്ത്രാര്‍ച്ചന, സുമേധാമൃത ചൈതന്യയുടെ പ്രഭാഷണം. 16ന് വൈകീട്ട് സമൂഹ നീരാജനം എന്ന വിശേഷാല്‍ പരിപാടി, ഭക്തിഗാനസുധ. 17ന് 11മണിക്ക് ഭാഗവത സമര്‍പ്പണം, പ്രകൃതി വന്ദനം, കല്‍പ്പ വൃക്ഷ ദാനം എന്നിവ ഉണ്ടാകും.

വൈകീട്ട് ദീപാരരാധനയ്ക്ക് ശേഷം പായിച്ചേരി കണ്ണന്‍ സ്വാമിയുടെ നേതൃത്വത്തില്‍ കര്‍പ്പൂരാഴി പൂജ. പത്രസമ്മേളനത്തില്‍ പുതുക്കുടി ശ്രീധരന്‍, ബാലകൃഷ്ണന്‍ വടക്കേടത്ത്, കെ.കെ.സുമേഷ്, സി.ടി.ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.